കോഴിക്കോട്: കഴിഞ്ഞ ലോക്‌സ്ഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നിലെത്തിയ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ്‌സംസ്ഥാനത്ത് എസ്.ഐ.ആറില്‍ പുറത്താക്കുന്നവരില്‍ കൂടുതലുമെന്ന് റിപ്പോര്‍ട്ട്. പുറത്താക്കുന്ന വോട്ടര്‍മാരില്‍ 22 ശതമാനവുമുള്ളത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ മണ്ഡലങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സുരേഷ് ഗോപി ജയിച്ച തൃശൂരിലെ മണ്ഡലങ്ങളില്‍ മാറിപ്പോയ വോട്ടര്‍മാരുടെ പട്ടികയും വലുതാണ്.
തിരുവനന്തപുരം ഒന്നാമത്
എസ്.ഐ.ആര്‍ നടപടികളുടെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താകുന്നവരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഏറ്റവും കൂടുതല്‍ പേരുള്ളത് തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലാണ്. 58,828 വോട്ടര്‍മാരാണ് തിരുവനന്തപുരത്തുള്ളത്. മണ്ഡലത്തിലെ ആകെ വോട്ടര്‍മാരുടെ 28 ശതമാനമാണിത്. ബി.ജെ.പി രണ്ടാമതെത്തിയ മണ്ഡലമാണ് തിരുവനന്തപുരം. വട്ടിയൂര്‍ക്കാവും നേമവും കഴക്കൂട്ടവുമാണ് പുറത്താക്കുന്നവരുടെ എണ്ണം കൂടുതലുള്ള അടുത്ത മണ്ഡലങ്ങള്‍. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ മൂന്ന് മണ്ഡലങ്ങളിലും ഒന്നാം സ്ഥാനത്തായിരുന്നു ബി.ജെ.പി.
സുരേഷ് ഗോപി തൃശൂരില്‍ നിന്ന് വിജയിച്ചപ്പോള്‍ ഗുരുവായൂര്‍ ഒഴികെ ആറ് നിയമസഭാ മണ്ഡലങ്ങളിലും ലീഡ് നേടിയിരുന്നു. ഈ ആറ് മണ്ഡലങ്ങളിലും അജ്ഞാത വോട്ടര്‍മാരുടെ എണ്ണം കൂടുതലാണ്.
എസ്.ഐ.ആറിലൂടെ വോട്ടര്‍പട്ടികയില്‍ നിന്ന് 25 ലക്ഷം വോട്ടര്‍മാര്‍ പുറത്തുപോകും എന്നാണ് കണക്ക്. ഇതില്‍ 22.62 ശതമാനവും ബി.ജെ.പി ഒന്നും രണ്ടും സ്ഥാനത്തു വന്ന 20 മണ്ഡലങ്ങളില്‍ നിന്നാണ് എന്നതാണ് ശ്രദ്ധേയം. ബൂത്ത് തല പരിശോധന നടത്തുമ്പോഴും ഇങ്ങനെ തന്നെയാണ്. സുരേഷ് ഗോപിക്ക് 559 വോട്ട് ഭൂരിപക്ഷം ലഭിച്ച തൃശൂര്‍ മണ്ഡലത്തിലെ 29 ാം ബൂത്തില്‍ പുറത്താക്കുന്ന വോട്ടര്‍മാരുടെ എണ്ണം 337 ആണ്.ഇതില്‍ 334 പേരും കണ്ടെത്താനാവാത്തവര്‍ ( UNTRACEABLE ) എന്ന വിഭാഗത്തിലാണ്. സംസ്ഥാനടിസ്ഥാനത്തില്‍ ഒരു ബൂത്തില്‍ നിന്ന് പുറത്താക്കപ്പെടുന്ന ശരാശരി വോട്ടര്‍മാരുടെ എണ്ണം 50 ആണ്. എന്നാല്‍ ബി.ജെ.പി ലീഡ് ചെയ്ത ബൂത്തുകളില്‍ ഇത് പല മടങ്ങ് വര്‍ധിക്കുന്നുണ്ട്.
സ്ഥലം മാറിപ്പോയ വോട്ടര്‍മാരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചു എന്നതും തൃശൂരിലെ മണ്ഡലത്തില്‍ കാണുന്നു. 16-ാം ബൂത്തില്‍ പുറത്താക്കുന്ന വോട്ടര്‍മാരുടെ എണ്ണം 191 ആണ്. അതില്‍ 143 ഉം സ്ഥിരമായി മാറിപ്പോയവരാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. നഗരമണ്ഡലങ്ങളില്‍ മാറിപോകുന്ന വോട്ടര്‍മാരുടെ എണ്ണം വര്‍ധിക്കുന്നത് സാധാരണയാണ്. എന്നാല്‍ ഒല്ലൂരും മണലൂരും ആറ്റിങ്ങലും മഞ്ചേശ്വരവും ഉള്‍പ്പെടെ ബി.ജെ.പി ലീഡ് ചെയ്യുന്ന മണ്ഡലങ്ങളില്‍ നഗര ഗ്രാമ വ്യത്യാസമില്ലാതെ അജ്ഞാതവോട്ടര്‍മാരുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതേ സമയം, അജ്ഞാത വോട്ടര്‍മാരും സ്ഥലം മാറിപ്പോയ വോട്ടര്‍മാരും ബി.ജെ.പി മുന്നിലെത്തിയ മണ്ഡലങ്ങളില്‍ മാത്രം ഇത്രയേറെ വര്‍ധിച്ചതെങ്ങിനെ എന്നാണ് ഇപ്പോള്‍ ചോദ്യമുയരുന്നത്.