തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍. സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തിരുവനന്തപുരത്തടക്കം ആറു കോര്‍പ്പറേഷനുകളിൽ കൗണ്‍സിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. രാവിലെ പത്തിനാണ് കോര്‍പ്പറേഷനുകള്‍ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ആരംഭിച്ചത്. രാവിലെ 11.30നുശേഷമാണ് കോര്‍പ്പറേഷനുകളിൽ സത്യപ്രതിജ്ഞ ആരംഭിച്ചത്.
തിരുവനന്തപുരം കോര്‍പ്പറേഷനിൽ മുതിർന്ന അംഗം കോൺഗ്രസിന്‍റെ ക്ലീറ്റസ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു. ബിജെപി കൗണ്‍സിലര്‍ വിവി രാജേഷ്, ആര്‍ ശ്രീലേഖ അടക്കമുള്ളവരും സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന കയ്യിലേന്തിയാണ് കവടിയാര്‍ കൗണ്‍സിലര്‍ കെഎസ് ശബരീനാഥൻ സത്യപ്രതിജ്ഞ ചെയ്തത്. വൈഷ്ണ സുരേഷ് അടക്കമുള്ളവരും സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന കയ്യിലേന്തിയാണ് വൈഷ്ണയും സത്യപ്രതിജ്ഞ ചെയ്തത്. മുദ്രാവാക്യം മുഴക്കിയാണ് ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞയെ പ്രവര്‍ത്തകര്‍ വരവേറ്റത്. തിരുവനന്തപുരം കോര്‍പ്പറേഷനിൽ ജനവിധി അട്ടിമറിക്കാനില്ലെന്നാണ് സിപിഎമ്മും കോൺഗ്രസും വ്യക്തമാക്കിയിട്ടുള്ളത്. ക്രിയാത്മക പ്രതിപക്ഷമായി കൗൺസിലിലുണ്ടാകുമെന്നും സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. തിരുവനന്തപുരത്തിന് പുറമെ കൊച്ചി, കൊല്ലം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ എന്നീ കോര്‍പ്പറേഷനുകളിലും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.