കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോക്ക് എതിരായ ലഹരിക്കേസില്‍ പൊലിസിന് തിരിച്ചടി. ഷൈന്‍ ലഹരി ഉപയോഗിച്ചെന്ന് ഫോറന്‍സിക് പരിധോനയില്‍ തെളിയിക്കാനായില്ല. ഹോട്ടലില്‍ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചെന്നായിരുന്നു കേസ്.
ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി ഷൈന്‍ ടോം ചാക്കോയുടെ നഖം, മുടി എന്നിവ അന്വേഷണസംഘം ശേഖരിച്ചിരുന്നു. എന്നാല്‍ ഈ പരിശോധനയില്‍ ഷൈന്‍ ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്താനായില്ല.
ഡാന്‍സാഫ് പരിശോധനക്കിടെ ഷൈന്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. കേസ് നിലനില്‍ക്കുമോ എന്നതില്‍ പൊലീസ് നിയമോപദേശം തേടും. ശത്രുക്കള്‍ ഗുണ്ടകളെ അയച്ചെന്ന് കരുതിയാണ് താന്‍ ഓടിയതെന്നാണ് നടന്‍ ആദ്യം മൊഴി നല്‍കിയത്. ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കേസില്‍ മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി നടനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്‍ഡിപിഎസ് ആക്ട് 27 29/1, ബിഎന്‍എസസ് 238 വകുപ്പുകളിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ചോദ്യം ചെയ്യലിന് മുന്നോടിയായി നടത്തിയ അന്വേഷണത്തില്‍ വാട്സ്ആപ്പ് ചാറ്റും, ഗൂഗിള്‍ പേ ഇടപാടുകളും പൊലിസ് പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫ്ളാറ്റില്‍ ലഹരി ഉപയോഗം നടന്നതായി പൊലിസ് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ താരം കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.