പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഗോപകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ജില്ലാ പൊലിസ് മേധാവിയാണ് മേല്‍നോട്ടം വഹിക്കുക. പുതിയ വകുപ്പുകള്‍ ചേര്‍ത്ത് എഫ്.ഐ.ആര്‍ പുതുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ബംഗ്ലാദേശിയാണോ എന്ന് ചോദിക്കുന്നത് വീഡിയോയില്‍ ഉണ്ട് . കൊലപാതകത്തിന് ഇതാണോ കാരണമെന്ന് പരിശോധിക്കുമെന്നും ജില്ലാ പൊലിസ് മേധാവി അജിത്ത് കുമാര്‍ പറഞ്ഞു.
രാംനാരായണന്റെ കുടുംബത്തിന് 10 ലക്ഷം
രാം നാരായണന്റെ കുടുംബത്തിന് 10 ലക്ഷത്തില്‍ കുറയാത്ത തുക നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്ന് മന്ത്രി കെ.രാജന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായം നല്‍കുന്നത് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ രാംനാരായണന്റെ കുടുംബവുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ ഉറപ്പുലഭിച്ച സാഹചര്യത്തില്‍ മൃതദേഹം ഏറ്റുവാങ്ങുമെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്.
അതിനിടെ കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.പ്രതികള്‍ രാം നാരായണനെ അതിക്രൂരമായി മര്‍ദിച്ചുവെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. കൊല്ലണമെന്ന ബോധപൂര്‍വ്വമായ ഉദ്ദേശ്യത്തോടെയാണ് രാം നാരായണനെ പ്രതികള്‍ മര്‍ദ്ദിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചു. രാംനാരായണന്റെ മുതുകിലും മുഖത്തും ഇവര്‍ ചവിട്ടി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൂരമായ പീഡനം മണിക്കൂറുകളോളം നീണ്ടു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തലയിലുണ്ടായ കടുത്ത രക്തസ്രാവവും ശരീരത്തിലേറ്റ ഗുരുതരമായ പരുക്കുകളുമാണ് മരണത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ രാം നാരായണന്റെ ശരീരത്തില്‍ തല മുതല്‍ കാല്‍ വരെ 40-ലധികം മുറിവുകള്‍ കണ്ടെത്തിയിരുന്നു. കനത്ത വടികള്‍ ഉപയോഗിച്ച് പുറംഭാഗം അടിച്ചൊടിച്ചതിന് പുറമേ നിലത്തിട്ട് ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. ഇതിന്റെ അടയാളങ്ങള്‍ ശരീരത്തിലുടനീളമുണ്ട്. മുതുകില്‍ മാത്രമല്ല മുഖത്തും ക്രൂരമായി ചവിട്ടിയട്ടുണ്ടെന്ന് എക്‌സ്‌റേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.
അതേസമയം, ഛത്തീസ്ഗഢ് സര്‍ക്കാര്‍ ആള്‍ക്കൂട്ട കൊലയുടെ കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ ഭയ്യ എന്ന 31കാരനാണ് കഴിഞ്ഞ ദിവസം ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെടുന്നത്. മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കള്ളന്‍ എന്ന് ആരോപിച്ചാണ് പ്രതികള്‍ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ആക്രമണത്തെ തുടര്‍ന്ന രക്തം വാര്‍ന്ന് ഒന്നര മണിക്കൂറോളം രാംനാരായണ്‍ ഭയ്യ റോഡില്‍ കിടന്നിരുന്നു. അവശനിലയിലായ യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.