തൃശൂര്‍: പാലക്കാട് ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ടഛത്തീസ്ഗഡ് സ്വദേശി രാംനാരായണന്‍ ബാഗേലിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും. രാം നാരായണിന്റെ ബന്ധുക്കളുമായി മന്ത്രി കെ രാജനും ജില്ലാ ഭരണകൂടവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. 10 ലക്ഷം രൂപയില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കാമെന്ന് നന്ത്രി രാജന്‍ ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. മൃതദേഹം എംബൈം ചെയ്ത ശേഷം ചത്തീസ്ഗഡിലേക്ക് സര്‍ക്കാര്‍ ചെലവില്‍ എത്തിക്കും. രാമനാരായണന്റെ ബന്ധുക്കളേയും വിമാനമാര്‍ഗം നാട്ടിലെത്തിക്കും.കൂടാതെ, എസ്.സി/എസ്.ടി അട്രോസിറ്റി ആക്ട് പ്രകാരമുള്ള കൂടുതല്‍ ആനുകൂല്യങ്ങളും കുടുംബത്തിന് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെ പോലും വെറുതേ വിടില്ലെന്നും പഴുതടച്ച അന്വേഷണം നടത്തുമെന്നും മന്ത്രി ഉറപ്പുനല്‍കി. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഗോപകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ജില്ലാ പൊലിസ് മേധാവിയാണ് മേല്‍നോട്ടം വഹിക്കുക. പുതിയ വകുപ്പുകള്‍ ചേര്‍ത്ത് എഫ്.ഐ.ആര്‍ പുതുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ബംഗ്ലാദേശിയാണോ എന്ന് ചോദിക്കുന്നത് വീഡിയോയില്‍ ഉണ്ട് . കൊലപാതകത്തിന് ഇതാണോ കാരണമെന്ന് പരിശോധിക്കുമെന്നും ജില്ലാ പൊലിസ് മേധാവി അജിത്ത് കുമാര്‍ പറഞ്ഞു.
അതിനിടെ കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.പ്രതികള്‍ രാം നാരായണനെ അതിക്രൂരമായി മര്‍ദിച്ചുവെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. കൊല്ലണമെന്ന ബോധപൂര്‍വ്വമായ ഉദ്ദേശ്യത്തോടെയാണ് രാം നാരായണനെ പ്രതികള്‍ മര്‍ദ്ദിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചു. രാംനാരായണന്റെ മുതുകിലും മുഖത്തും ഇവര്‍ ചവിട്ടി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൂരമായ പീഡനം മണിക്കൂറുകളോളം നീണ്ടു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തലയിലുണ്ടായ കടുത്ത രക്തസ്രാവവും ശരീരത്തിലേറ്റ ഗുരുതരമായ പരുക്കുകളുമാണ് മരണത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പോസ്റ്റ്മോര്‍ട്ടത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ രാം നാരായണന്റെ ശരീരത്തില്‍ തല മുതല്‍ കാല്‍ വരെ 40-ലധികം മുറിവുകള്‍ കണ്ടെത്തിയിരുന്നു. കനത്ത വടികള്‍ ഉപയോഗിച്ച് പുറംഭാഗം അടിച്ചൊടിച്ചതിന് പുറമേ നിലത്തിട്ട് ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. ഇതിന്റെ അടയാളങ്ങള്‍ ശരീരത്തിലുടനീളമുണ്ട്. മുതുകില്‍ മാത്രമല്ല മുഖത്തും ക്രൂരമായി ചവിട്ടിയട്ടുണ്ടെന്ന് എക്സ്റേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.
ഇന്നലെ വൈകിട്ട് 4നാണ് രാംനാരായണന്റെ ബന്ധുക്കള്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്.
മെഡിക്കല്‍ കോളജ്‌മോര്‍ച്ചറിയിലാണ് രാംനാരായണന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. രാംനാരായണന്റെ കൊലപാതകം അന്വേഷിക്കുന്നതിന് പ്രത്യേകസംഘത്തെ രൂപീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
ദലിത് വിഭാഗത്തില്‍പെട്ടവരാണ്. സംഭവത്തില്‍ എസ്.സി- എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണം. ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തണം. എല്ലാ കൊലയാളികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
രാംനാരായണന്റെ ഭാര്യ ലളിത, ഭാര്യയുടെ അമ്മ ലക്ഷ്മിന്‍ ഭായ്, മക്കളായ അനൂജ്, ആകാശ്, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവരോടൊപ്പമാണ് മെഡിക്കല്‍ കോളജിലെത്തിയത്.