പാലക്കാട്: പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം. ബിജെപി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രിയാണ് പുതുശ്ശേരിയിൽ വെച്ച് പ്രതി കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തെ ആക്രമിച്ചത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. കുട്ടികൾ ഉൾപ്പെട്ട കരോൾ സംഘം പുതുശ്ശേരിയിൽ പാടിക്കൊണ്ടിരിക്കെ പ്രതി ഇവരെ തടയുകയും ആക്രമിക്കുകയുമായിരുന്നു. കരോൾ സംഘം ഉപയോഗിച്ചിരുന്ന ബാൻഡിൽ സിപിഐഎം എന്ന് എഴുതിയിരുന്നതിനെ ചോദ്യം ചെയ്ത അശ്വിൻ രാജ്, കുട്ടികളുടെ അടുത്തേക്ക് എത്തി ബാൻഡ് പിടിച്ചെടുക്കാൻ ശ്രമിച്ചതായാണ് പരാതി.
ഇതോടെ ഭയന്ന കുട്ടികൾ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് സിപിഐഎം പ്രവർത്തകർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് കസബ പൊലീസ് അശ്വിൻ രാജിനെ അറസ്റ്റ് ചെയ്തത്.