തിരുവനന്തപുരം: മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എം.എല്‍.എക്കും നോട്ടിസയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദു നല്‍കിയ പരാതിയിലാണ് നോട്ടിസയച്ചത്. നടുറോഡില്‍ കെഎസ് ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ഇരുവരെയും ഒഴിവാക്കിയുള്ള കുറ്റപത്രത്തിനെതിരായ ഹരജിയിലാണ് കോടതി നടപടി.
എഫ്.ഐ.ആറില്‍ മേയറും എം.എല്‍.എയും ഉള്‍പ്പെടെ 5 പേരായിരുന്നു പ്രതിപ്പട്ടികയില്‍. മേയര്‍ ഉള്‍പ്പെടെ എഫ്.ഐ.ആറില്‍ പേരുള്ള മുഴുവന്‍ പേരെയും കേസില്‍ പ്രതികളാക്കണമെന്നും പൊലിസ് സമര്‍പ്പിച്ച കുറ്റപത്രം തള്ളണമെന്നും അഭ്യര്‍ഥിച്ച് യദു കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവര്‍ക്കും നോട്ടിസ്.
ആര്യക്കും സച്ചിന്‍ദേവിനും പൊലിസ് നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. മേയറും എം.എല്‍.എയും മോശം പദപ്രയോഗം നടത്തിയതിനോ ബസില്‍ അതിക്രമിച്ചു കയറിയതിനോ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കന്റോണ്‍മെന്റ് പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ബസിന്റെ വാതില്‍ ഡ്രൈവര്‍ യദു തന്നെയാണ് തുറന്നു കൊടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2024 ഏപ്രില്‍ 27ന് രാത്രി 10ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. പാളയം സാഫല്യം കോംപ്ലക്സിന് മുന്നില്‍ മേയറും ഭര്‍ത്താവും അടക്കമുള്ളവര്‍ സഞ്ചരിച്ച സ്വകാര്യ വാഹനം കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞെന്നും തുടര്‍ന്ന് ഡ്രൈവറുമായി വാക്കേറ്റമുണ്ടായി എന്നുമാണ് കേസ്. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ തന്നെയും സഹോദര ഭാര്യയെയും അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചെന്നും മേയറും പരാതി നല്‍കി.
ആര്യ രാജേന്ദ്രന്റെ പരാതിയില്‍ യദുവിനെതിരെ കേസെടുത്ത് വേഗത്തില്‍ നടപടികളിലേക്ക് കടന്ന പൊലിസ്, പക്ഷേ യദു നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എക്കുമെതിരെ കേസെടുത്തത്.എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞ ബസിലെ ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ അന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.