തിരുവനന്തപുരം : ജനപ്രിയ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകള്‍ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നായനാർ പാർക്കില്‍ മന്ത്രി ജി.ആർ.അനില്‍ നിർവ്വഹിച്ചു. ഡിസംബർ 22 മുതല്‍ ജനുവരി 1 വരെയാണ് ഫെയറുകൾ പ്രവർത്തിക്കുക. ആറ് ജില്ലകളിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകളൾ നടക്കുന്നത്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശ്ശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകള്‍ ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയർ ആയി മാറും. സപ്ലൈകോ വിൽപ്പനശാലകളിൽ വെളിച്ചെണ്ണ വില വീണ്ടും കുറഞ്ഞു. നിലവിൽ ലിറ്ററിന് 319 രൂപ സബ്സിഡി നിരക്കിൽ നൽകുന്ന ശബരി വെളിച്ചെണ്ണ 309 രൂപയ്ക്ക് നൽകുകയാണ്. നിലവിൽ കാർഡൊന്നിന് ഒരു ലിറ്റർ ലഭിക്കുന്ന സ്ഥാനത്ത് ഡിസംബർ, ജനുവരി മാസങ്ങളിൽ രണ്ട് ലിറ്റർ വീതം ലഭ്യമാക്കും. ഇതിനു പുറമെ സബ്സിഡി ഇതര നിരക്കിൽ 329 രൂപയ്ക്കും വെളിച്ചെണ്ണ ലഭിക്കുന്നതാണ്. ജനുവരി മാസത്തിലും 2 ലിറ്റർ വെളിച്ചെണ്ണ ഈ വിലയ്ക് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണ്. ഇതോടൊപ്പം സബ്ലിഡി ഉൽപ്പന്നങ്ങളുടെ വിലയും ക്രിസ്മസ് ഫെയറിനോട് അനുബന്ധിച്ച് പരിഷ്കരിക്കുന്നുണ്ട്. ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ് എന്നീ ഇനങ്ങളുടെ വിലകൾ കുറച്ചു.
ജനുവരി മാസത്തെ സബ്സിഡി സാധനങ്ങൾ എല്ലാ കാർഡുടമകൾക്കും സപ്ലൈകോ വിൽപ്പനശാലകളിൽ നിന്നും മുൻകൂറായി വാങ്ങാവുന്നതാണ്. പ്രമുഖ ബ്രാൻഡുകളുടെ 280ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് 5മുതൽ 50% വരെ വിലക്കുറവില്‍ ലഭിക്കുന്നു. സപ്ലൈകോ നിലവിൽ നല്‍കിവരുന്ന 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിലും ലഭ്യമാകും.