പാലക്കാട്: വാളയാർ ആൾക്കൂട്ടക്കൊല കേസിൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. മർദനസമയത്ത് ഇവരും സ്ഥലത്ത് ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. ചിലർ തമിഴ്നാട്ടിലേക്ക് കടന്നതായും പൊലീസ് പറയുന്നു. നേരത്തെ കേസിൽ അഞ്ചുപേരാണ് അറസ്റ്റിലായിരുന്നത്. ഇതിന് പുറമെയാണ് കൂടുതൽ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കേസിൽ അറസ്റ്റിലായവർക്കെതിരെ ശക്തമായ വകുപ്പുകൾ ചേർക്കാൻ പൊലീസ് തയ്യാറായില്ല. രാം നാരയണൻ ദലിത് വിഭാഗത്തിൽ ഉൾപ്പെട്ട ആളായിട്ടും എസ്‍സി-എസ്ടി വകുപ്പും ആൾക്കൂട്ട കൊലപാതകം എന്ന വകുപ്പും ചേർത്തിട്ടില്ലെന്നാണ് വിവരം.
അതിനിടെ, കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. പുലർച്ചെ 2.30 കഴിഞ്ഞാണ് മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോയത്. മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചിരിക്കുകയാണ്. 11 മണിക്കുള്ള വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സർക്കാർ ചെലവിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. റാം നാരായണന്റെ കുടുംബവും ഇതേ വിമാനത്തിൽ നാട്ടിലേക്ക് പോകും.