ആലപ്പുഴ: കേരളത്തിൽ വീണ്ടും പക്ഷിപ്പനി. ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. താറാവുകളും കോഴികളും കൂട്ടമായി ചത്തു. ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.ആലപ്പുഴയിൽ 8 പഞ്ചായത്തുകളിൽ ഓരോ വാർഡിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോട്ടയത്ത് നാല് വാർഡുകളിലും രോഗബാധയുണ്ട്. ആലപ്പുഴയിൽ നെടുമുടി, ചെറുതന, കരുവാറ്റ കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിലാണ് രോഗബാധ.
അതേസമയം, നെടുമുടിയിൽ കോഴികൾക്കും മറ്റുള്ളിടത്ത് താറാവിനും രോഗബാധയുണ്ട്. കോട്ടയത്ത് കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്ക്കൽ, വേളൂർ എന്നീ വാർഡുകളിലാണ് രോഗബാധ. കാട, കോഴി എന്നിവയ്ക്കാണ് കോട്ടയത്ത് രോഗബാധയുള്ളത്. മൃഗസംരക്ഷണ വകുപ്പിന് പരിശോധനഫലം ലഭിച്ചു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടികൾക്ക് മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകി.മനുഷ്യരിലേക്ക് പക്ഷി പനി പകരുമോ?
പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുന്നത് അപൂർവമാണെങ്കിലും, രോഗം ബാധിച്ച പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെ പകരാൻ സാധ്യതയുണ്ട്. പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് പകരുന്ന ഒരു വൈറസ് രോഗമാണ് പക്ഷിപ്പനി. സാധാരണയായി കോഴി, താറാവ്, കാട, ടർക്കി, അലങ്കാര പക്ഷികൾ എന്നിവയെയാണ് ഇത് ബാധിക്കുന്നത്. പക്ഷി പനി മനുഷ്യരിലേക്ക് പകരുമോ എന്ന ചോദ്യം എപ്പോഴും ചർച്ചയാവാറുണ്ട്. ഇക്കാര്യങ്ങളാൽ ആളുകൾ വളരെയധികം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്. പക്ഷി പനി മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കുറവാണെന്ന് പറയുമ്പോഴും ഇത് പൂർണമായും തള്ളിക്കളയാൻ സാധിക്കില്ല.