കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വിവിധ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് കോടിക്കണക്കിന് രൂപ. 4.89 ലക്ഷം അക്കൗണ്ടുകളിലായി 121.74 കോടി രൂപയാണ് നിക്ഷേപമായി കിടക്കുന്നത്.
അവകാശികയില്ലാതെ കിടക്കുന്ന നിക്ഷേപങ്ങള്‍ അക്കൗണ്ട് ഉടമയ്ക്കോ അവകാശികള്‍ക്കോ തിരിച്ചു നല്‍കാനായി ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ക്യാമ്പ് ഡിസംബർ 29ന് നടക്കുന്നു. രാവിലെ 10 മുതല്‍ കോഴിക്കോട് കല്ലായി റോഡ് കേരള ബാങ്ക് റീജണല്‍ ഓഫീസ് ഹാളിലാണ് ക്യാമ്പ് നടക്കുക.
പരിപാടിയില്‍ ബാങ്കുകള്‍, ഇൻഷ്വറൻസ് കമ്പനികൾ, മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍, പെൻഷൻ ഫണ്ടുകള്‍, ഫിനാൻഷ്യല്‍ ലിറ്ററസി സെന്ററുകള്‍ എന്നിവയുടെ സഹായ കൗണ്ടറുകളുമുണ്ടാകും.
അവകാശികളാണെന്ന് ബോദ്ധ്യമായാല്‍ തുക തിരികെ ലഭിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങള്‍ നല്‍കും. തുടർനടപടികള്‍ക്കായി എല്ലാ ബാങ്കുകളിലും സഹായ കേന്ദ്രങ്ങള്‍ പ്രവർത്തിക്കും. നിക്ഷേപത്തിന്റെ അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതമാണ് ക്യാമ്പിലെത്തേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547860327എന്ന നമ്പറിൽ ബന്ധപ്പെടാം.