മലപ്പുറം: സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് മുശാവറ അംഗം ഉമർ ഫൈസി മുക്കം. ആർക്കൊക്കെ പദവി നൽകണം, ആരയൊക്കെ ചേർക്കണം എന്നൊന്നും രാഷ്ടീയക്കാർ സമസ്ത നേതൃത്വത്തോട് പറയരുത്. അതൊക്കെ തീരുമാനിക്കാൻ യോഗ്യരായ നേതൃത്വം സമസ്തക്കുണ്ടെന്നും ഉമർ ഫൈസി മുക്കം വ്യക്തമാക്കി. സമസ്ത ജാഥയിൽ മലപ്പുറം തിരൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയെ ചുരുട്ടി മടക്കി തങ്ങളുടെ കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും രാഷ്ട്രീയക്കാരും ഭരണാധികാരികളും കരുതേണ്ടതില്ലെന്ന് തിരൂർ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കുറുക്കോളി മൊയ്തീനും പറഞ്ഞു. രാഷ്ട്രീയക്കാർ സമസ്തയുടെ കാര്യങ്ങളിൽ ഇടപെടേണ്ടതില്ല എന്ന നിലപാട് തികച്ചും ശരിയാണെന്നും എംഎൽഎ ജാഥയിൽ വ്യക്തമാക്കി.