പാലക്കാട്: അട്ടപ്പാടി പാലൂരിൽ മോഷണമാരോപിച്ച് ആദിവാസി യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. പാലൂർ സ്വദേശി മണികണ്ഠനാണ് മര്‍ദനത്തിനിരയായത്. തലയോട്ടി പൊട്ടി ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ് യുവാവ്. ആദിവാസികളിൽ നിന്ന് കാട്ടിലെ വേരുകൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന രാമരാജാണ് യുവാവിനെ മർദിച്ചതെന്നാണ് പരാതി. മർദിച്ച പാലൂർ സ്വദേശി രാജരാജിനെതിരെ പുതൂർ പൊലീസ് കേസ് എടുത്തെങ്കിലും ചുമത്തിയത് നിസാര വകുപ്പുകള്‍ മാത്രമാണ്.
കോഴിക്കോട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആദിവാസി വാദ്യോപകരണം വായിക്കാന്‍ മണികണ്ഠന്‍ പോയിരുന്നു. എട്ടാം തിയ്യതി ഉച്ചകഴിഞ്ഞ് തളർന്ന് വീഴുകയും ചെയ്തു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംശയം തോന്നിയ ഡോക്ടർമാർ കോഴിക്കോട് പൊലിസില്‍ വിവരമറിയിച്ചു. പിന്നാലെയാണ് മര്‍ദന വിവരം പുറത്താകുന്നത്. പിന്നീട് അട്ടപ്പാടിയിലെ പുതൂർ പൊലിസ് കോഴിക്കോട് എത്തി വിവരങ്ങൾ ശേഖരിച്ചെങ്കിലും നടപടിയെടുത്തിട്ടില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം.