ഇടുക്കി: നടുമറ്റത്ത് പട്ടാപ്പകല്‍ വയോധികയെ കെട്ടിയിട്ട് സ്വർണവും പണവും കവര്‍ന്ന സംഭവത്തിൽ കൊച്ചുമകനും പെൺസുഹൃത്തും പിടിയിൽ.പാലക്കാട്ട് നിന്നാണ് ഇരുവരെയും രാജാക്കാട് പൊലീസ് പിടികൂടിയത്. പ്രതികളെ മോഷണം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ 16നാണ് നടുമറ്റം പാലക്കുന്നേൽ ടോമിയുടെ വീട്ടിൽ കവർച്ച നടന്നത്. രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. ടോമിയുടെ മാതാവ് മറിയക്കുട്ടി(80) മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം മറിയക്കുട്ടിയെ തുണി ഉപയോഗിച്ച് മേശയിൽ കെട്ടിയിടുകയായിരുന്നു. തുടർന്ന് മറിയക്കുട്ടിയുടെ വിരലിലുണ്ടായിരുന്ന 8 ഗ്രാം തൂക്കം വരുന്ന മൂന്ന് മോതിരങ്ങൾ ഊരിയെടുക്കുകയും അലമാര തുറന്ന് അതിലുണ്ടായിരുന്ന 3000 രൂപയും കവർന്നു.ഇതിനിടയിൽ കെട്ടഴിച്ച് പുറത്തേക്ക് ഓടിയ മറിയക്കുട്ടി ഒച്ച വെച്ച് ആളെ കൂട്ടുകയായിരുന്നു.
അടുത്ത പറമ്പിൽ തടിപ്പണി ചെയ്തിരുന്നവർ എത്തിയപ്പോഴേക്കും മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് രാജാക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊച്ചുമകനായ പന്നിയാർകുട്ടി കൊല്ലിപിള്ളിയിൽ സൈബു തങ്കച്ചനും കാഞ്ഞിരപ്പള്ളി സ്വദേശിയായ പെൺ സുഹൃത്തും പൊലീസ് പിടിയിലായത്. സഹോദരി പുത്രൻ എന്ന പരിഗണന അർഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ ലഭ്യമാക്കണമെന്നും മറിയക്കുട്ടിയുടെ മകന്‍ ടോമി പറഞ്ഞു. പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.