താമരശേരി: കോടഞ്ചേരിയിൽ ഒന്നിച്ചു കഴിയുന്ന യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം ക്രൂരമായി പൊള്ളിച്ചു. മയക്കുമരുന്നിന് അടിമയായ യുവാവാണ് ക്രൂരത കാണിച്ചത്.
8 മാസം ഗർഭിണിയായ യുവതിയെ നാലു ദിവസമായി വീട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു.ഇവർക്ക് ദിവസങ്ങളായി ഭക്ഷണം പോലും നൽകിയിരുന്നില്ല. യുവാവിൻ്റെ മാതാവിനെ യുവാവ് ഒരാഴ്ച മുമ്പ് വീട്ടിൽ നിന്നും ഓടിച്ച് വിട്ടിരുന്നു, ഇപ്പോൾ മകൾക്കൊപ്പമാണ് താമസം.
എം ഡി എംഎ വിൽപ്പനക്കാരനും ഉപയോഗിക്കുകയും ചെയ്യുന്ന ആളാണ് യുവാവ്. ഒരു വർഷം മുമ്പാണ് കോടഞ്ചേരി പെരുവില്ലി സ്വദേശിയായ ഷാഹിദ് റഹ്മാൻ്റെ കൂടെ പ്രണയിച്ച് വീട്ടിൽ നിന്നും യുവതി ഇറങ്ങി തിരിച്ചത്, ആറു മാസത്തോളമായി ഉപദ്രവം തുടരുന്നു.
ഇന്നലെ മറ്റൊരു പരാതിയിൽ പരാതിയിൽ കോടഞ്ചേരി പോലീസ് യുവാവിനെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയിരുന്നെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കി എന്ന മറ്റൊരാളുടെ പരാതിയിൽ ആയിരുന്നു കസ്റ്റഡിയിൽ എടുത്തത്.
പിന്നീട് വീട്ടിൽ എത്തിയാണ് സംശയ രോഗിയായ യുവാവ് യുവതിയെ ദേഹമാസകലം ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
യുവാവ് പുറത്ത് പോയ അവസരത്തിൽ വാതിൽ തുറന്ന് പുറത്തേയ്ക്ക് ഓടി സമീപവാസികളുടെ സഹായത്തോടെയാണ് ആശുപത്രിയിൽ എത്തിയത്.