കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി മാർട്ടിൻ ആന്റണി ഹൈക്കോടതിയിൽ അപ്പീൽ നൽകി. കേസിൽ വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർട്ടിന്റെ അപ്പീൽ. താൻ ഡ്രൈവർ മാത്രമാണ്, കുറ്റകൃത്യത്തിൽ പങ്കില്ല. കുറ്റകൃത്യം നടക്കുന്ന സമയത്ത് അവിടെ ഉണ്ടായിരുന്നില്ലെന്നും മാർട്ടിൻ അപ്പീലിൽ പറയുന്നുണ്ട്.
കേസിൽ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. കേസിലെ എട്ടാം പ്രതിയായ ദിലീപിനെ വിട്ടയച്ച അതേ മാനദണ്ഡങ്ങൾ തനിക്കും ബാധകമാണ്. വിചാരണക്കോടതി ഇക്കാര്യം പരിഗണിച്ചില്ലെന്നും അപ്പീലിൽ മാർട്ടിൻ വ്യക്തമാക്കി.
കേസിൽ 20 വർഷം കഠിന തടവിന് വിധിച്ചതിന് പിന്നാലെ മാർട്ടിൻ നിലവിൽ ജയിലിൽ കഴിയുകയാണ്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ മാർട്ടിൻ ഉൾപ്പടെ ആറ് പ്രതികൾക്കാണ് വിചാരണക്കോടതി 20 വർഷം കഠിന തടവും പിഴയും വിധിച്ചത്. കേസിലെ മറ്റ് പ്രതികളായ വടിവാൾ സലീമും പ്രദീപും വിധിക്കെതിരെ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിലെ അഞ്ചാം പ്രതിയാണ് വടിവാൾ സലീം. ആറാം പ്രതിയാണ് പ്രദീപ്. കേസിൽ ഗൂഢാലോചനാക്കുറ്റം തെളിയിക്കാൻ കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെവിട്ടത്.
ഇതിനിടെ നടിയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തുന്ന തരത്തിൽ മാർട്ടിൻ അധിക്ഷേപ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിൽ അതിജീവിത പരാതി നൽകിയിരുന്നു. വീഡിയോ പങ്കുവെച്ചവരുടെ ലിങ്കുകൾ അടക്കം നൽകിയാണ് അതിജീവിത പരാതി നൽകിയത്.
നടി ആക്രമിക്കപ്പെട്ട കേസിൽ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചിരുന്നു. ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവ് 3,25,000 രൂപ പിഴ, രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് 20 വർഷം കഠിന തടവ്1,50, 000 രൂപ പിഴ, മൂന്നാം പ്രതി മണികണ്ഠന് 20 വർഷം കഠിന തടവ് 1,25,000 രൂപ പിഴ, നാലാം പ്രതി വിജീഷ് വി പി 20 വർഷം കഠിന തടവ് 1,25,000 രൂപ പിഴ, അഞ്ചാം പ്രതി വടിവാൾ സലീമിന് 20 വർഷം കഠിന തടവ് 1,25,000 രൂപ പിഴ, ആറാം പ്രതി പ്രദീപിന് 20 വർഷം കഠിന തടവും 1,25,000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചത്.
വിവിധ കുറ്റങ്ങളിലായി പ്രതികൾക്ക് കോടതി വിധിച്ചിരിക്കുന്ന പിഴയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചത്. റിമാൻഡ് കാലാവധി കഴിഞ്ഞുള്ള കാലയളവ് മാത്രം പ്രതികൾ ശിക്ഷ അനുഭവിച്ചാൽ മതിയെന്നും ഉത്തരവിലുണ്ട്. ഇത് പ്രകാരം ഒന്നാം പ്രതി പൾസർ സുനി ഇനി പന്ത്രണ്ടര വർഷം ജയിലിൽ കിടന്നാൽ മതി. രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി പതിനഞ്ച് വർഷം ശിക്ഷ അനുഭവിക്കണം. മൂന്നാം പ്രതി ബി മണികണ്ഠൻ പതിനഞ്ചര വർഷവും നാലാം പ്രതി വി പി വിജീഷ് പതിനഞ്ച് വർഷം, അഞ്ചാം പ്രതി എച്ച് സലീം പതിനെട്ടര വർഷം, ആറാം പ്രതി പ്രദീപ് പതിനേഴ് വർഷം എന്നിങ്ങനെയാണ് മറ്റ് പ്രതികൾ അനുഭവിക്കേണ്ട ശിക്ഷാ കാലയളവ്.