തിരുവനന്തപുരം: ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി ലോകം. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളിലാണ് വിശ്വാസികൾ. സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലും സഭാ ആസ്ഥാനത്തും ക്രിസ്മസ് പാതിര കുർബ്ബാനക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവ എറണാകുളം ആരക്കുന്നം സെന്റ് ജോർജ്ജ് വലിയ പള്ളിയിൽ ക്രിസ്മസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. അതേസമയം, ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളിലും നിയന്ത്രണങ്ങളിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ വർഷം കേക്കുമായി ക്രിസ്ത്യാനികളുടെ വീട്ടിൽ പോയവരാണ് ഇപ്പോൾ അക്രമം അഴിച്ചു വിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.
സിറോ മലബാർ സഭാ ആസ്ഥാനമായ കൊച്ചി സെന്‍റ് മൗണ്ടിൽ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ രാത്രി 11.30 മുതൽ തിരുപ്പിറവി ചടങ്ങുകൾക്ക് നേതൃത്വം നൽകും. ക്രിസ്മസിനോട് ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ശുശ്രൂഷകൾ പുരോഗമിക്കുകയാണ്. പട്ടം സെന്റ് മേരിസ് കത്തീഡ്രലിൽ, കർദിനാൾ കാതോലിക്ക ബാവ ക്രിസ്മസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാളയം സെന്റ് ജോസഫ് മെട്രോ പൊളിറ്റൻ കത്തിഡ്രലിൽ രാത്രി 11.30 ന് നടക്കുന്ന ക്രിസ്മസ് ദിന ശുശ്രൂഷകൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും നേതൃത്വം നൽകും