തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് കോര്‍പറേഷനിലെയും 86 മുനിസിപ്പാലിറ്റിയിലെയും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ (വെള്ളിയാഴ്ച). കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ വനിതകള്‍ മേയറാകും. മുനിസിപ്പാലിറ്റികളില്‍ 44 അധ്യക്ഷ സ്ഥാനങ്ങള്‍ വനിതകള്‍ക്കും ആറ് എണ്ണം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒരെണ്ണം പട്ടികവര്‍ഗ വിഭാഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്.
ചെയര്‍പേഴ്‌സണ്‍, മേയര്‍ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെ 10.30നും ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് പകല്‍ 2.30നും നടത്തും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പകല്‍ 2.30നും നടക്കും.
ഒന്നിലധികം സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ വോട്ടെടുപ്പ് ഓപ്പണ്‍ ബാലറ്റ് മുഖേന ആയിരിക്കും. രണ്ടു സ്ഥാനാര്‍ഥികള്‍ക്ക് തുല്യവോട്ടാണെങ്കില്‍ നറുക്കെടുപ്പ് നടത്തും. രണ്ടിലധികംപേര്‍ മത്സരിക്കുമ്പോള്‍, ഒരു സ്ഥാനാര്‍ഥിക്ക് മറ്റ് എല്ലാ സ്ഥാനാര്‍ഥികള്‍ക്കുംകൂടി കിട്ടിയ ആകെ വോട്ടിനെക്കാള്‍ കൂടുതല്‍ ലഭിച്ചാല്‍ അയാള്‍ തെരഞ്ഞെടുക്കപ്പെടും. ഇത്തരത്തില്‍ ലഭിക്കാതിരുന്നാല്‍ ഏറ്റവും കുറച്ച് വോട്ട് ലഭിച്ചയാളെ ഒഴിവാക്കി വീണ്ടും വോട്ടെടുക്കും.
മൂന്നോ അതിലധികമോ സ്ഥാനാര്‍ഥികള്‍ ഉണ്ടായിരിക്കുകയും ഏറ്റവും കുറവ് വോട്ട് രണ്ടോ അതിലധികമോ പേര്‍ക്ക് തുല്യമായി ലഭിക്കുകയും ചെയ്താല്‍ നറുക്കെടുപ്പ് നടത്തും. നറുക്കുകിട്ടുന്നയാളെ ഒഴിവാക്കി തെരഞ്ഞെടുപ്പ് തുടരും.