തിരുവനന്തപുരം: കോർപ്പറേഷൻ സത്യപ്രതിജ്ഞയ്ക്കിടെ ദൈവങ്ങളുടെയും മറ്റും പേരിൽ സത്യപ്രതിജ്ഞ ചെയ്ത കൗൺസിലമാർക്കെതിരെ പരാതി നൽകി സിപിഐഎം. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകിയത്. കോൺഗ്രസ്, ബിജെപി കൗൺസിലർമാർക്കെതിരെ
സത്യപ്രതിജ്ഞാ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി.
20 കൗൺസിലർമാർക്കെതിരെയാണ് പരാതി. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഗുരുദേവൻ, ബലിദാനികൾ എന്നിവരുടെയല്ലാം പേരിലാണ് ഈ 20 പേരും സത്യപ്രതിജ്ഞ ചൊല്ലിയത്. ജില്ലയിൽ പലയിടത്തും ഇത്തരത്തിലുള്ള സത്യപ്രതിജ്ഞകൾ തിരുത്തിയെങ്കിലും കോർപ്പറേഷനിൽ അങ്ങനെയുണ്ടായിരുന്നല്ല.
നാടകീയ രംഗങ്ങളാണ് കോർപ്പറേഷനിൽ സത്യപ്രതിജ്ഞ ദിവസം ഉണ്ടായത്. ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞയ്ക്ക് പുറമെ ശരണം വിളിയും ഗണഗീതവുമെല്ലാം ഉണ്ടായിരുന്നു. കുന്നുകുഴി വാർഡ് കൗൺസിലറും യുഡിഎഫ് നേതാവുമായ മേരി പുഷ്പം സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഷ്ടി ചുരുട്ടി 'സ്വാമിയേ ശരണമയ്യപ്പ' വിളിച്ചിരുന്നു. സ്വർണക്കൊള്ളയിലുള്ള പ്രതിഷേധമാണ് താൻ ഉയർത്തിയതെന്നും പാർട്ടിയോട് ശരണം വിളിക്കുമെന്ന കാര്യം പറഞ്ഞിരുന്നുവെന്നുമായിരുന്നു മേരി പുഷ്പത്തിന്റെ വിശദീകരണം.
കോർപ്പറേഷൻ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അവസാന സമയത്തേക്ക് കടക്കുമ്പോൾ ബിജെപി പ്രവർത്തകർ ഗണഗീതം പാടുകയും ചെയ്തു. കൗൺസിൽ ഹാളിന് സമീപത്തുനിന്നാണ് ബിജെപി പ്രവർത്തകർ ഗണഗീതം പാടിയത്.