എകരൂൽ: ഉണ്ണികുളം പഞ്ചായത്തിലെ എകരൂൽ മഠത്തിൽ താഴം, കാരാട്ട് താഴം, എസ്റ്റേറ്റ്മുക്ക് വഴി പൂനൂർ പുഴയിലെത്തിച്ചേരുന്ന തോട്ടിലേക്ക് സാമൂഹിക വിരുദ്ധർ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് ചെറിയ പറമ്പത്ത് കിഴക്കയിൽ തോട്ടിലെയും ചെറുതും വലുതുമായ മുഴുവൻ മീനുകളും മറ്റു ജലജീവികളും ചത്ത നിലയിൽ കണ്ടെത്തി. തോട്ടിൽ രാസമാലിന്യം കലർന്നതിനാൽ ചത്തൊടുങ്ങിയ മത്സ്യങ്ങളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതോടൊപ്പം മറ്റു ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ തോടുകളിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ ചത്തുപൊങ്ങിയ നിലയിൽ കണ്ടെത്തിയത്. വെള്ളത്തിന് നിറവ്യത്യാസവും പരിസരമാകെ രൂക്ഷമായ ഗന്ധവുമുണ്ട്. ഉണ്ണികുളം പഞ്ചായത്തിലെ മൂന്ന്, എട്ട്, ഒൻപത്, പന്ത്രണ്ട് വാർഡുകളിലൂടെ കടന്നുപോകുന്ന തോട്ടിലെല്ലാം രാസമാലിന്യം ഒഴുകിയെത്തിയിട്ടുണ്ട്. മാരകമായ വിഷമാവാൻ ഇടയുള്ളതിനാൽ തോടിനോടുചേർന്ന വീട്ടുകിണറുകളിലെ വെള്ളം ഉപയോഗിക്കുന്നവരും തോട്ടിലെ വെള്ളത്തിൽ കുളിക്കുന്നവരുമടക്കം ജാഗ്രത പുലർത്തണമെന്നും ജലം പരിശോധന നടത്തി വിഷലായനികൾ കലർന്നിട്ടുണ്ടോയെന്ന് തിട്ടപ്പെടുത്തേണ്ടതുണ്ടെന്നും നിർദ്ദേശം നൽകി.
ഇരുമ്പോട്ടുപൊയിൽ പന്ത്രണ്ടാം വാർഡിലെ കിഴക്കയിൽ ഭാഗം മുതൽ ഇരുമ്പോത്തിങ്കൽ കുനിയിൽ താഴെ ഭാഗം വരെയുള്ള തോട്ടിലെ ചത്തു കിടയ്ക്കുന്ന മത്സ്യങ്ങൾ വാർഡ് മെംബർ ലതിക കൈതേരിപ്പൊയിലിന്‍റെ നേതൃത്വത്തിൽ തോട്ടിൽനിന്നും പുറത്തെടുത്ത് സംസ്കരിക്കുന്നുണ്ട്. മങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജെഎച്ച്ഐ ഷഫ്ന, ഗ്രാമപ്പഞ്ചായത്ത് എച്ച്ഐ ഷാമിലി, ആശവർക്കർ അംബിക എന്നിവർ സ്ഥലം സന്ദർശിച്ചു. കിനാലൂർ ഭാഗത്തുനിന്നും കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടുമണിയോടെ ഒരു വാഹനം ഇവിടെയെത്തിയതായി സിസിടിവിയിൽ കണ്ടതായി നാട്ടുകാർ പറഞ്ഞു. എകരൂൽ ഗ്രെയ്സ് റെസിഡന്റ്‌സ് അസോസിയേഷൻ ബാലുശ്ശേരി പോലീസിൽ പരാതി നൽകി.