തേഞ്ഞിപ്പലം:ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്കായി എത്തിച്ച മാരക സിന്തറ്റിക് മയക്ക് മരുന്നായ എംഡിഎംഎയുമായി പെരുവള്ളൂര്‍ കുന്നത്ത് പറമ്പില്‍ നിന്നും രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. താനൂര്‍ കാട്ടിലങ്ങാടി സ്വദേശി ചെവിടിക്കുന്നന്‍ ജബീര്‍ (36), പെരുവള്ളൂര്‍ കുമണ്ണ ചെനക്കല്‍ സ്വദേശി കുവുങ്ങും തോട്ടത്തില്‍ മുഹമ്മദ് (42) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 28 ഗ്രാം എംഡിഎംഎ എക്‌സൈസ് കണ്ടെടുത്തു.
പിടിയിലായവര്‍ മുമ്പ് താനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തതും പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി ഉള്‍പ്പെട്ട മയക്ക്മരുന്ന് കേസിലെ കൂട്ടുപ്രതികളുമാണ്. ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പെരുവള്ളൂര്‍ ഭാഗത്ത് വന്‍തോതില്‍ രാസ ലഹരി എത്തിയതായുള്ള രഹസ്യവിവരത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മയക്ക് മരുന്ന് കടത്തുന്നതിന് ഉപയോഗിച്ച ബുള്ളറ്റ് ബൈക്കും എക്‌സൈസ് പിടിച്ചെടുത്തു.
പരിശോധനയില്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ അരവിന്ദന്‍ , മിനുരാജ്, പ്രിവന്റീവ് ഓഫീസര്‍മാരായ രജീഷ്, ദിലീപ് കുമാര്‍, ശിഹാബുദ്ദീന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ദിദിന്‍ തുടങ്ങിയവരും പങ്കെടുത്തു.