തിരുവനന്തപുരം:തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഹിയറിങ് നടത്തേണ്ടവരുടെ എണ്ണം കുറയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമം ആരംഭിച്ചു. ഇതോടൊപ്പം പട്ടികയിൽ നിന്ന് പുറത്തായ വോട്ടർമാർ പേര് വീണ്ടും ഉൾപ്പെടുത്താൻ പുതുതായി അപേക്ഷ നൽകേണ്ടി വരുമെന്ന് കമ്മീഷൻ വ്യക്തമാക്കി.രാഷ്ട്രീയ പാർട്ടികളുടെ ശക്തമായ എതിർപ്പുകൾ നിലനിൽക്കുന്നതിനിടെയാണ് കമ്മീഷന്റെ നടപടി. കണ്ടെത്താനായില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഒഴിവാക്കിയവരിൽ പകുതിയിലധികം പേരും യഥാർത്ഥത്തിൽ അതത് പ്രദേശങ്ങളിൽ തന്നെ താമസിക്കുന്നവരാണെന്നാണ് സിപിഎമ്മും കോൺഗ്രസും ആരോപിക്കുന്നത്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം, രേഖകൾ പരിശോധിക്കുന്നതിനായി 19.32 ലക്ഷം പേരെ ഹിയറിങ്ങിന് വിളിക്കേണ്ടി വരും.
എസ്‌ഐആർ നടപടികൾക്കായി 2002 ലെ വോട്ടർ പട്ടികയാണ് അടിസ്ഥാനമായി ഉപയോഗിക്കുന്നത്. ആ പട്ടികയുമായി ഒത്തുനോക്കി ഉറപ്പിക്കാൻ കഴിയാത്തവരെയാണ് ഹിയറിങ്ങിന് വിളിക്കുന്നത്.2002 ലെ വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തവർ, അതിൽ പേര് ഉൾപ്പെട്ട ബന്ധുവിന്റെ വിവരങ്ങൾ നൽകണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ ഈ വിവരങ്ങൾ നൽകാത്തവരെയും, നൽകിയ വിവരങ്ങൾ ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബിഎൽഒ) പരിശോധിച്ച് ഉറപ്പിക്കാൻ കഴിയാത്തവരെയുമാണ് ഹിയറിങ്ങിന് വിളിക്കുന്നത്. ഇതിൽ വീണ്ടും ഒരിക്കൽ കൂടി പരിശോധന നടത്താൻ ബിഎൽഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ബിഎൽഒമാരുടെ ഡ്യൂട്ടി 22 വരെ നീട്ടിയതായും കമ്മീഷൻ അറിയിച്ചു.വോട്ടർ പട്ടികയിൽ നിന്ന് ആകെ 24.08 ലക്ഷം പേരാണ് ഒഴിവാക്കിയിരിക്കുന്നത്. ഇവരെ പുതിയ വോട്ടർമാർ എന്ന നിലയിലാണ് വീണ്ടും അപേക്ഷ നൽകേണ്ടതെന്നും കമ്മീഷൻ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
ഒഴിവാക്കിയവരെ കണ്ടെത്താൻ കഴിഞ്ഞാൽ വിവരം അറിയിക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നതാണ് രാഷ്ട്രീയ പാർട്ടികളുടെ വാദം. എന്നാൽ പുതുതായി അപേക്ഷ നൽകണം എന്ന നിലപാടിൽ നിന്നു കമ്മീഷൻ പിന്മാറിയിട്ടില്ല. കണ്ടെത്താനായില്ല, ഫോം സ്വീകരിച്ചില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയും നിരവധി പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ബൂത്ത് തല പരിശോധനയിൽ ഒഴിവാക്കിയവരിൽ പകുതിയിലധികം പേരെ കണ്ടെത്താനായതായി സിപിഎമ്മും കോൺഗ്രസും വ്യക്തമാക്കുന്നു. പ്രത്യേകിച്ച് നഗര പ്രദേശങ്ങളിലെ നിരവധി ബൂത്തുകളിലാണ് ‘കണ്ടെത്താനായില്ല’ എന്ന കാരണത്താൽ വൻ തോതിൽ പേരുകൾ ഒഴിവാക്കിയിരിക്കുന്നത്.ഇതിനിടെ, അസാധാരണമായി വോട്ടർമാരെ ഒഴിവാക്കിയതോ വലിയ തോതിൽ പുതിയ പേരുകൾ ചേർത്തതോ ആയ മണ്ഡലങ്ങളിൽ വോട്ടർ പട്ടികയുടെ വിശ്വാസ്യത പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക പരിശോധന നടത്തും. കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും ഈ പരിശോധന