തിരുവനന്തപുരം: ഇന്ത്യൻ വനിതാ ടീമും ശ്രീലങ്കൻ വനിതാ ടീമും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും തിരുവനന്തപുരത്താണ്. ഇതാദ്യമായാണ് ഇന്ത്യൻ വനിതാ ടീം തിരുവനന്തപുരത്ത് കളിക്കാനിറങ്ങുന്നത്.
26, 28 , 30 തീയതികളിലാണ് മത്സരങ്ങൾ. ഏകദിന ലോക ചാംപ്യൻമാരുടെ പ്രകടനം നേരിൽ കാണാനുള്ള സുവർണാവസരമാണ് മലയാളി ആരാധകർക്ക് ലഭിച്ചിട്ടുള്ളത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. ബാറ്റർമാരും ബൗളർമാരും മിന്നും ഫോമിലായതിനാൽ ഇന്നു വിജയിച്ച് പരമ്പര ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്.
നേരത്തെ ഇന്ത്യൻ ടീമിന് തലസ്ഥാനനഗരിയിൽ ഊഷ്മള വരവേൽപ്പാണ് നൽകിയത്. ലോക ജേതാക്കൾക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ നേതൃത്വത്തിൽ വൻ സ്വീകരണം നൽകി. തലസ്ഥാന നഗരിയിൽ ആദ്യ രാജ്യാന്തര വനിതാ ക്രിക്കറ്റ് ടൂർണമെന്റിനായി പ്രത്യേക വിമാനത്തിലാണ് ഇന്ത്യയുടേയും ശ്രീലങ്കയുടെയും താരങ്ങൾ എത്തിയത്