ഇടുക്കി: നെടുങ്കണ്ടം ബോജൻ കമ്പനിയിൽ പിതാവിൻ്റെ സഹോദരനെ ഇരട്ട സഹോദരങ്ങൾ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശിയായ മുരുകേശൻ (47) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ അയ്യപ്പൻ്റെ മക്കളായ ഭുവനേശ്വറും വിഘ്‌നേശ്വറും ചേർന്നാണ് കൊലപാതകം നടത്തിയത്.
വർഷങ്ങളായി ഇടുക്കിയിൽ സ്ഥിരതാമസമാക്കിയ തമിഴ്‌നാട് സ്വദേശികളാണ് ഈ കുടുംബം. ഇന്ന് ഉച്ചയോടെയാണ് കൊലപാതകം നടന്നത്. മുരുകേശനും സഹോദരപുത്രന്മാരും തമ്മിൽ പണമിടപാടുകളെ ചൊല്ലി ദീർഘകാലമായി തർക്കം നിലനിന്നിരുന്നു. ഇന്ന് വീണ്ടും ഉണ്ടായ വാക്കേറ്റത്തിനൊടുവിൽ ഇരട്ട സഹോദരങ്ങൾ ചേർന്ന് മുരുകേശനെ മാരകായുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കൃത്യം നിർവ്വഹിച്ച ശേഷം ഭുവനേശ്വറും വിഘ്‌നേശ്വറും സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. പ്രതികൾക്കായി പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. നെടുങ്കണ്ടം പൊലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.