കോഴിക്കോട് കോർപ്പറേഷനിൽ എൽഡിഎഫിന് ഭരണത്തുടർച്ച. കോഴിക്കോട് കോർപ്പറേഷൻ മേയറായി LDFൻ്റെ ഒ സദാശിവനെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി മേയറായി ഡോ എസ് ജയശ്രീയേയും തെരഞ്ഞെടുത്തു. കോഴിക്കോട് കോർപ്പറേഷനിൽ കഴിഞ്ഞ 50 വർഷമായി ഇടത് മുന്നണിയാണ് ഭരിക്കുന്നത്.
76 സീറ്റുള്ള കോഴിക്കോട് കോർപ്പറേഷനിൽ എൽഡിഎഫ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷി ആയത്. തടമ്പാട്ടുത്താഴം വാർഡിൽ നിന്നാണ് കോഴിക്കോടിൻ്റെ നഗരപിതാവായി ചുമതലയേറ്റ എൽഡിഎഫിൻ്റെ ഒ സദാശിവൻ വിജയിച്ചത്. സിപിഐ എം കോഴിക്കോട് നോർത്ത് ഏരിയ കമ്മിറ്റി അംഗം കൂടിയാണ് ഇദ്ദേഹം. മേയർ തെരഞ്ഞെടുപ്പിൽ 33 വോട്ടുകളാണ് ഒ സദാശിവന് ലഭിച്ചത്.
മുൻ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണും കോട്ടൂളി ഡിവിഷനിൽ നിന്ന് വിജയിച്ച ഡോ. എസ് ജയശ്രീയാണ് ഡെപ്യൂട്ടി മേയർ. കോഴിക്കോട് ഗവൺമെൻ്റ് ആർട്ട്സ് കോളേജ് പ്രിൻസിപ്പലായി ജയശ്രീ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഏകകണ്ഠമായാണ് കോഴിക്കോട് കോർപ്പറേഷനിലെ മേയർ – ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥികളെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രഖ്യാപിച്ചത്.