മലപ്പൂറം: നിലമ്പൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ആയുധവുമായി എത്തി ആംബുലെൻസ് ഡ്രൈവറുടെ പരാക്രമം. ഡ്യൂട്ടി ഡോക്‌ടറുടെ പരാതിയിൽ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ ഷിനാസ് ബാബു നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.
ഡോക്‌ടറുടെയും ജീവനക്കാരുടെയും ഡ്യൂട്ടി തടസപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്യ്‌തുവെന്നാണ് ആംബുലെൻസ് ഡ്രൈവർ മുജീബിന് എതിരെയുള്ള പരാതി. ഇന്നലെ (ഡിസംബർ 26) രാവിലെ 7.30 ഓടെയാണ് നാടകീയ സംഭവം.
ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചുറ്റികയുമായി എത്തിയ മുജീബ് നടത്തുന്ന പരാക്രമത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. രാവിലെ രണ്ട് ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ അടിപിടിയിൽ ഡ്രൈവറായ അസ്‌കറിന് തോളെല്ലിന് പരിക്കേറ്റിരുന്നു.
അസ്‌കറിന് അത്യാഹിത വിഭാഗത്തിൽ ചികിത്സ നൽകുന്നതിനിടയിലാണ് ചുറ്റികയുമായി എത്തിയ മുജീബ് ആക്രമണത്തിന് തുനിഞ്ഞതെന്ന് ജീവനക്കാർ പറയുന്നു. തുടർന്ന് ജീവനക്കാരും സെക്യൂരിറ്റിയും ചേർന്ന് ഇയാളെ പിടിച്ച് ആശുപത്രിക്ക് പുറത്താക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്.
മുൻപും ആശുപത്രികളിൽ വച്ച് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രോഗിയും ഡോക്‌ടറും തമ്മിൽ, രോഗിയും രോഗിയും തമ്മിൽ, രോഗിയും അറ്റൻ്ററും തമ്മിലും. ഇത്തരം സംഭവങ്ങൾ ആശുപത്രി നടത്തിപ്പിനെയും പൊതുജനങ്ങളെയുമാണ് ബാധിക്കുന്നത്.