കണ്ണൂര്‍: കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭ ചെയര്‍മാനായി തെരഞ്ഞടുക്കപ്പെടുന്നത് രണ്ടാം തവണ. 2015 ല്‍ നഗരസഭാ ചെയര്‍മാനായിരിക്കെയാണ് ഫസല്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ചന്ദ്രശേഖരന് ചെയര്‍മാന്‍ സ്ഥാനം നഷ്ടമായത്. നിലവില്‍ സിപിഎം തലശേരി ഏരിയാ കമ്മിറ്റി അംഗം കൂടിയാണ് 71-കാരനായ കാരായി ചന്ദ്രശേഖരന്‍.
2015ല്‍ ചെള്ളക്കര വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട് ചെയര്‍മാനായ കാരായി ചന്ദ്രശേഖരന്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന കോടതി ഉത്തരവിന് പിന്നാലെ സ്ഥാനം ഒഴിയുകയായിരുന്നു. ഫസല്‍ വധക്കേസിലെ ഗൂഢാലോചനക്കേസില്‍ എട്ടാം പ്രതിയായ ചന്ദ്രശേഖരന് സ്വന്തം ജില്ലയില്‍ പ്രവേശിക്കുന്നതിന് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒന്‍പത് വര്‍ഷത്തോളം കണ്ണൂരില്‍ പ്രവേശിക്കാനായില്ല.
ഇതേതുടര്‍ന്ന് സാങ്കേതികമായ തടസം വന്നതോടെ ചന്ദ്രശേഖരന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞത്. ഇരുമ്പനത്തെ താമസത്തിനൊടുവില്‍ കോടതി അനുമതിയോടെ നാട്ടിലെത്തിയ ചന്ദ്രശേഖരന്‍ വീണ്ടും ചെള്ളക്കരയില്‍ സിപിഎം സ്ഥാനാര്‍ഥി ആയി. 440 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച കാരായി വീണ്ടും ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.53 അംഗ കൗണ്‍സിലില്‍ 32 വോട്ട് നേടിയാണ് കാരായി ചെയര്‍മാന്‍ ആയത്. 2006 ഒക്ടോബര്‍ 22 നാണു എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ തലശേരി സൈദാര്‍ പള്ളിക്ക് സമീപത്ത് വെട്ടേറ്റ് മരിച്ചത്. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചുമൊക്കെ അന്വേഷിച്ച കേസ് സിബിഐക്ക് ലഭിച്ചതോടെയാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കമുള്ള സിപിഎം നേതൃത്വത്തിലേക്ക് തിരിഞ്ഞത്.
ജില്ലയില്‍ പ്രവേശിക്കരുതെന്ന കടുത്ത നിബന്ധനയില്‍ ഇളവ് വരുത്തിയെങ്കിലും ഇതുവരെ കേസില്‍ അന്തിമ വിധി വന്നിട്ടില്ല.