മുംബൈ: ലാഭേച്ഛയില്ലാത്ത സർക്കാർ ഇതര സംഘടനകൾക്ക് പൂട്ടിടാൻ (എൻ.ജി.ഒ) കേന്ദ്ര സർക്കാർ നീക്കം. മൂന്ന് വർഷമായി പ്രവർത്തന രഹിതമായ എൻ.ജി.ഒകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാരണം കാണിക്കൽ നോട്ടിസ് അയച്ചു. 2021 മുതൽ തുടർച്ചയായി പ്രവർത്തനം നിലച്ച സംഘടനകൾക്കാണ് നോട്ടിസ്. 2010ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമ പ്രകാരം (എഫ്.സി.ആർ.എ) റജിസ്ട്രേഷൻ റദ്ദാക്കാതിരിക്കണമെങ്കിൽ കാരണം കാണിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത്.
എൻ.ജി.ഒകൾക്കും സാമൂഹിക പ്രവർത്തകർക്കും വിദേശ സംഭാവന ലഭിക്കുന്നത് നിയന്ത്രിക്കുന്ന നിയമമാണ് എഫ്.സി.ആർ.എ. 2020ൽ ഈ നിയമം സർക്കാർ കൂടുതൽ കടുപ്പിച്ചിരുന്നു. എഫ്.സി.ആർ.എ റജിസ്ട്രേഷൻ റദ്ദാക്കിയാൽ എൻ.ജി.ഒകൾക്ക് വിദേശ ധനസഹായം ലഭിക്കില്ല. എൻ.ജി.ഒകളുടെ പ്രവർത്തനവും ലക്ഷ്യവും താൽപര്യങ്ങളും വിദേശ സംഭാവന ഉറവിടവും സംബന്ധിച്ച് സർക്കാർ നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെയാണ് പുതിയ നീക്കം.
വിദേശത്തുനിന്ന് ലഭിച്ച സംഭാവന ഉപയോഗിക്കാതിരുന്നതിനെ കുറിച്ച് 21 ദിവസത്തിനകം രേഖകൾ സഹിതം വിശദീകരണം നൽകണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടിസ് പറയുന്നത്. മറുപടി നൽകിയില്ലെങ്കിൽ സംഘടനകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും നോട്ടിസ് മുന്നറിയിപ്പ് നൽകി. എഫ്.സി.ആർ.എ നിയമ പ്രകാരം രണ്ട് വർഷം തുടർച്ചയായി പ്രവർത്തിച്ചില്ലെങ്കിൽ സംഘടനകളുടെ റജിസ്ട്രേഷൻ റദ്ദാക്കാൻ സർക്കാറിന് കഴിയും. ഈ നിയമ പ്രകാരം ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി ചെറിയ സംഘടനകളെയാണ് സർക്കാർ കരിമ്പട്ടികയിൽപെടുത്തിയത്.
അതേസമയം, ആദ്യമായാണ് സർക്കാർ എഫ്.സി.ആർ.എയുടെ സെക്ഷൻ 14(1)(ഇ) വകുപ്പ് പ്രയോഗിക്കുന്നതെന്ന് ചാരിറ്റബിൾ സംഘടനകളുടെ ഓഡിറ്റിങ്ങിൽ വിദഗ്ധനായ മുതിർന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ഗൗതം ഷാ പറഞ്ഞു. വിദേശ ഫണ്ട് ഉപയോഗിക്കാതിരുന്നാൽ വഴിതിരിച്ചുവിട്ടെന്നോ ദുരുപയോഗം ചെയ്തെന്നോ സ്ഥാപിക്കാൻ കഴിയില്ല. പദ്ധതികൾക്ക് അംഗീകാരം വൈകൽ, സർക്കാർ അനുമതി ലഭിക്കാനുള്ള കാലതാമസം, സ്ഥാപനത്തിന് നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ തുടങ്ങിയ വിവിധ കാരണങ്ങളാൽ വിദേശ സംഭാവന ഉപയോഗിക്കപ്പെടാതിരിക്കാം. ഫണ്ടുകൾ ശരിയായി കണക്കിൽ വെക്കുകയും ബാങ്ക് അക്കൗണ്ടിൽ സുരക്ഷിതമായി സൂക്ഷിക്കുകയും വഴിതിരിച്ചുവിടാതിരിക്കുകയും ചെയ്യുന്നിടത്തോളം കാലം എഫ്.സി.ആർ.എ റജിസ്ട്രേഷൻ റദ്ദാക്കൽ നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.