ആര്യങ്കോട്: ഇൻസ്റ്റഗ്രാമിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് യുവാവിനെ കബളിപ്പിച്ച് പണം കവരുകയും മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് വിദ്യാർഥികളടക്കം ആറുപേരെ ആര്യങ്കോട് പൊലിസ് അറസ്റ്റ് ചെയ്തു. കൊല്ലം കുന്നത്തൂർ സ്വദേശിയായ മഹേഷ് മോഹനനെയാണ് (40) സംഘം ക്രൂരമായ ആക്രമണത്തിന് ഇരയാക്കിയത്.
സംഭവത്തിൽ പിടിയിലായ പ്രതികൾ ഇവരാണ് ഇഴവികോണം മാമൂട്ടുവിളാകം വീട്ടിൽ നിധിൻ(കൊച്ചുകാണി-24), നിധിന്റെ സഹോദരൻ നിധീഷ് (വലിയകാണി-25) ആര്യൻകോട് സ്വദേശി ശ്രീജിത്ത് (ശ്രീക്കുട്ടൻ-24) , ബാലരാമപുരം സ്വദേശി അഖിൽ (സച്ചു-26), രണ്ട് പ്ലസ് ടു വിദ്യാർഥികൾ.
കെണിയൊരുക്കിയത് ഇങ്ങനെ:
പെൺകുട്ടിയുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഇൻസ്റ്റഗ്രാമിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയ പ്രതികൾ, യുവാവുമാമായി നിരന്തരം ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ചു. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്നും കാണാൻ വരണമെന്നും വിശ്വസിപ്പിച്ച് ഡിസംബർ 22-ന് മഹേഷിനെ ആര്യങ്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു.സ്ഥലത്തെത്തിയ മഹേഷിനെ സംഘം തടഞ്ഞുവെച്ച് മാരകമായി ആക്രമിച്ചു.മഹേഷിന്റെ കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് ശരീരമാസകലം മുറിവേൽപ്പിക്കുകയും ചെയ്തു.മഹേഷിന്റെ സ്മാർട്ട് ഫോണും എടിഎം കാർഡും സംഘം തട്ടിയെടുത്തു. പിൻ നമ്പർ ഭീഷണിപ്പെടുത്തി കൈക്കലാക്കി 21,500 രൂപ പിൻവലിച്ചു.
മോചനദ്രവ്യമായി രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികൾ, പണം നൽകിയില്ലെങ്കിൽ പോക്സോ (POCSO) കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി.ഒടുവിൽ കൈവശം പണമില്ലെന്ന് ബോധ്യപ്പെട്ടതോടെ മഹേഷിനെ നെയ്യാറ്റിൻകരയിൽ ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു. പരിക്കേറ്റ മഹേഷ് പാറശ്ശാല പൊലിസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്.
പൊലിസ് നടപടി:
ആര്യങ്കോട് എസ്എച്ച്ഒ തൻസീം അബ്ദുൾ സമദിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. അറസ്റ്റിലായ നിധിനും സഹോദരനും മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.