ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനുമൊത്തുള്ള എ.ഐ ചിത്രം പങ്കുവച്ചെന്ന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത എന്‍.സുബ്രഹ്മണ്യനെ വിട്ടയച്ചു. സ്വന്തം ജാമ്യത്തിനാണ് വിട്ടയച്ചത്. കലാപാഹ്വാനത്തിനാണ് സുബ്രമണ്യനെതിരെ കേസെടുത്തിരുന്നത്. എന്നാല്‍ താന്‍ പങ്കുവച്ചത് യഥാര്‍ഥ ചിത്രമാണെന്നും ആധികാരികത തെളിയിക്കുമെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു. സുബ്രഹ്മണ്യന്റെ കോഴിക്കോട്ടെ വീട്ടില്‍ പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു, സുബ്രഹ്മണ്യനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
മുഖ്യമന്ത്രി ആരെയാണ് ഭയപ്പെടുത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചോദിച്ചു. എഐ ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് സിപിഎമ്മാണ്. ഞാന്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നും സതീശന്‍ പറഞ്ഞു.
എന്‍.സുബ്രഹ്മണ്യന്‍ എതിരായ കേസും അറസ്റ്റും രാഷ്ട്രീയ പകപോക്കലെന്ന് രമേശ് ചെന്നിത്തല. സ്വര്‍ണക്കൊളളയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് നീക്കം. രാജീവ് ചന്ദ്രശേഖര്‍ ഒരു മാസം മുന്‍പ് ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. എന്ത് കൊണ്ടാണ് അദ്ദേഹത്തിനെതിരെ കേസെടുക്കാത്തെുന്നും രമേശ് ചെന്നിത്തല.
എന്‍.സുബ്രഹ്മണ്യന്‍റെ അറസ്റ്റിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ് കേരളത്തില്‍. പിണറായി വിജയന് മാത്രമെ സംസ്ഥാനത്ത് പരിരക്ഷയുള്ളു. വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാന്‍ കൊലക്കേസ് പ്രതിയാണോ സുബ്രഹ്മണ്യന്‍ എന്നും കെ.സി. ചോദിച്ചു. സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രത്തെ കുറിച്ചുള്ള ചോദ്യത്തിന് കെ.സി. വ്യക്തമായ മറുപടി നല്‍കിയില്ല.
സുബ്രഹ്മണ്യന്റെ അറസ്റ്റിന് കടലാസിന്റെ വില പോലുമില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. കലാപാഹ്വാനം നടത്താൻ സുബ്രഹ്മണ്യൻ തീവ്രവാദി അല്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു.