കണ്ണൂർ: സമസ്തയുടെ ഒരു നൂറ്റാണ്ട് ചരിത്രം അടയാളപ്പെടുത്തി മൂന്ന് സംസ്ഥാനങ്ങളിലൂടെ സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശയാത്ര ഇന്ന് കാസർകോട്ട് പര്യടനം നടത്തിയ ശേഷം മംഗലാപുരത്ത് സമാപിക്കും.
മംഗലാപുരത്ത് രാത്രി ഏഴിന് നടക്കുന്ന സമാപന പരിപാടി കർണാടക സ്പീക്കർ യു.ടി ഖാദർ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം ബംബ്രാണ അബ്ദുൽ ഖാദർ ഖാസിമി അധ്യക്ഷനാകും. കേന്ദ്ര മുശാവറ അംഗം ത്വാഖാ അഹമ്മദ് മൗലവി പ്രാർഥന നടത്തും. മുശാവറ അംഗം ഉസ്മാൻ ഫൈസി തോടാർ ആമുഖ ഭാഷണം നടത്തും. ജാഥാ ഡയരക്ടര്‍ കെ. ഉമര്‍ ഫൈസി മുക്കം, ഉപനായകൻ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കോഡിനേറ്റർ അബ്ദുസ്സലാം ബാഖവി വടക്കെക്കാട്, അബ്ദുല്ല ഫൈസി കൊടക് സംസാരിക്കും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തലൂര്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ വിഷയാവതരണം നടത്തും.
കഴിഞ്ഞ 18ന് സമസ്ത ജന. സെക്രട്ടറി പ്രൊഫ കെ. ആലിക്കുട്ടി മുസ്‌ലിയാരില്‍നിന്ന് സമസ്തയുടെ പതാക ജാഥാ നായകന്‍ സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഏറ്റുവാങ്ങിയാണ് 19ന് നാഗര്‍കോവിലില്‍നിന്ന് സന്ദേശയാത്ര ആരംഭിച്ചത്. പിന്നീട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ്, പാലക്കാട്, നീലഗിരി, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി 16 കേന്ദ്രങ്ങളിലായി പ്രൗഢോജ്വല സ്വീകരണമാണ് ലഭിച്ചത്.