പാലക്കാട്: അന്വേഷണമാരംഭിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരികെ ജീവനോടെ കിട്ടുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു ഒരു നാടുമുഴുവൻ. എന്നാൽ എല്ലാ പ്രതീക്ഷകളും വിഫലമാക്കി ആറു വയസുകാരൻ സുഹാനെ ജീവനറ്റ നിലയിൽ വീടിനു സമീപത്തെ കുളത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. അമ്പാട്ടുപാളയം സ്വദേശികളായ അനസ്-തൗഹിദ ദമ്പതികളുടെ ഇളയ മകനായ സുഹാനെ കഴിഞ്ഞ ദിവസം 11 മണിയോടെയാണ് കാണാതായത്.
തെരച്ചിലിൽ ഡോഗ് സ്ക്വാഡ് സമീപത്തെ കുളത്തിനു സമീപം വരെ മണം പിടിച്ചു ചെന്നതിനെ തുടർന്ന് കുളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം തുടർന്നത്. അതൊടുവിൽ അവസാനിച്ചത് വേദനിപ്പിക്കുന്ന വാർത്തയിലേക്കും. കുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലക്ക് മാറ്റി.
വീട്ടിൽ നിന്ന് 800 മീറ്റർ അകലെ നാട്ടുകാർ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന കുളത്തിൽ നിന്നാണ് സുഹാന്‍റെ മൃതദേഹം കണ്ടെത്തിയത്. കുളിക്കാനെത്തിയവരാണ് മൃതദേഹം കുളത്തിനു നടുവിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടത്. സുഹാന്‍റെ പിതാവ് വിദേശത്താണ്. മാതാവ് സ്കൂൾ അധ്യാപികയും. മാതാവ് വീട്ടിലില്ലാത്ത സമയത്താണ് കുട്ടിയെ കാണാതായത്. സഹോദരനുമായി കളിക്കുന്നതിനിടെ പിണങ്ങി ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറഞ്ഞത്. ഇത്രയും ദൂരം കുട്ടി എങ്ങനെ എത്തിയെന്നതിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്.