പാലക്കാട്: പാകിസ്താന്‍ തീവ്രവാദ സംഘടനയ്ക്കുവേണ്ടി ചാരപ്രവൃത്തി നടത്തിയതായി ആരോപിച്ച് റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. മലപ്പുറം ആലിപ്പറമ്പ് കുളത്തൊടി വീട്ടില്‍ അബ്ദുല്‍ റസാഖാണ് (40) അറസ്റ്റിലായത്.
നേരത്തെ കേസില്‍ അബ്ദുല്‍ റസാഖിന്റെ ഭാര്യ ഹസീന അറസ്റ്റിലായിരുന്നു. ഭാര്യ പിടിയിലായതിനു പിന്നാലെ വിദേശത്തേക്കുകടക്കാന്‍ ശ്രമിക്കുന്നതിനിടെ കൊച്ചി വിമാനത്താവളത്തില്‍നിന്നാണ് റസാഖിനെ കസബ പൊലിസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ട്.
നാല് മാസംമുന്‍പ് ചന്ദ്രനഗര്‍ സ്വദേശിയായ മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. ഉദ്യോഗസ്ഥന്‍ സര്‍വിസിലുള്ളപ്പോള്‍ പാകിസ്ഥാന്‍ തീവ്രവാദ സംഘടനയ്ക്കുവേണ്ടി ചാരവൃത്തി നടത്തിയതായി വിവരം കിട്ടിയെന്നും ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസുണ്ടെന്നും അറിയിച്ചു. വ്യാജരേഖകള്‍ കാണിച്ചാണ് തട്ടിപ്പുസംഘം ഇദ്ദേഹത്തെ സമീപിച്ചതെന്ന് പൊലിസ് പറഞ്ഞു. പിന്നീട് കള്ളക്കേസാണെന്ന് തെളിഞ്ഞെന്നും ഇതിനുള്ള രേഖകള്‍ സംഘടിപ്പിച്ച് രക്ഷപ്പെടുത്താമെന്നും അക്കൗണ്ടിലുള്ള പണം താല്‍ക്കാലികമായി മാറ്റി സൂക്ഷിക്കണമെന്നും സംഘം നിര്‍ദേശിച്ചു.
ഇത് വിശ്വസിച്ച റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥന്‍ ഏഴുലക്ഷം രൂപ ഹസീനയുടെ ചെര്‍പ്പുളശേരിയിലെ ബാങ്ക് അക്കൗണ്ടിലേക്കും അഞ്ച് ലക്ഷം രൂപ റസാഖിന്റെ അക്കൗണ്ടിലേക്കും മാറ്റി. പിന്നീട് സംഘം ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങി. കസബ പൊലിസ്, സൈബര്‍ പൊലിസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ജില്ലാ പൊലിസ് മേധാവി അജിത്കുമാറിന്റെ മേല്‍നോട്ടത്തില്‍ കസബ ഇന്‍സ്പെക്ടര്‍ എം. സുജിത്, എസ്.ഐ.മാരായ എച്ച്. ഹര്‍ഷാദ്, വി.കെ റെജു, കെ. നിഷാദ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ എ. നടരാജന്‍, എന്‍. സായൂജ്, സി. പ്രനൂപ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.