പാലക്കാട്: കോണ്‍ഗ്രസില്‍നിന്ന് കൂറുമാറി സി.പി.എം പിന്തുണയോടെ അഗളി പഞ്ചായത്ത് പ്രസിഡന്റായ എന്‍.കെ. മഞ്ജു രാജിവെച്ചു. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച എന്‍.കെ. മഞ്ജു, കൂറുമാറി എല്‍.ഡി.എഫ് പിന്തുണയില്‍ പഞ്ചായത്ത് പ്രസിഡന്റാവുകയായിരുന്നു. അയോഗ്യയാക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുകയും ചെയ്യുന്നതിനിടെയാണ് രാജി വെച്ചത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് എല്‍.ഡി.എഫ് മെമ്പര്‍മാര്‍ പിന്തുണക്കുക മാത്രമാണ് ചെയ്തതെന്നും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയെന്ന നിലയില്‍ ആ പിന്തുണ സ്വീകരിക്കുന്നില്ലെന്നും രാജിവെക്കുകയാണെന്നും മഞ്ജു വ്യക്തമാക്കി. ഇന്നും നാളെയും അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരിക്കുമെന്നും മഞ്ജു പറഞ്ഞു.
പത്തുവര്‍ഷമായി എല്‍.ഡി.എഫാണ് അഗളി പഞ്ചായത്ത് ഭരിക്കുന്നത്. പ്രസിഡന്റായി ശിബു സിറിയക്കിനെയും വൈസ് പ്രസിഡന്റായി മുസ് ലിം ലീഗിലെ സജീന നവാസിനെയുമായിരുന്നു മുന്നണി തീരുമാനിച്ചിരുന്നത്. പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ശിബു സിറിയക് എഴുന്നേറ്റതോടെ കോണ്‍ഗ്രസിലെ മഞ്ജു ഇടതുപക്ഷത്തിനുവേണ്ടി മത്സരത്തിന് തയാറായി.
യു.ഡി.എഫ് 10, എല്‍.ഡി.എഫ് ഒന്‍പത് എന്നാണ് കക്ഷിനില. രണ്ട് അംഗങ്ങളുള്ള ബി.ജെ.പി വിട്ട് നിന്നു. മഞ്ജു കൂറുമായതോടെ ഇടതുപക്ഷത്തിന് ഭരണം നേടാനായി. തനിക്ക് പാര്‍ട്ടിയില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് മഞ്ജു പ്രതികരിച്ചിരുന്നു. എന്നാല്‍ വിപ്പില്‍ ഒപ്പ് വച്ചരേഖ യു.ഡി.എഫ് പുറത്ത് വിട്ടിരുന്നു.
ഇതോടെ കൂറുമാറ്റ നിരോധന നിയമപ്രകാരം തെരഞ്ഞെടുപ്പ് കമീഷന് കോണ്‍ഗ്രസ് പരാതി നല്‍കി. മാത്രമല്ല, വിഷയത്തില്‍ ഹൈകോടതിയെ സമീപിക്കാനും തീരുമാനിച്ചിരിക്കെയാണ് എന്‍.കെ. മഞ്ജുവിന്റെ രാജി.