ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിൽ ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച നടപടി സുപ്രിംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹരജിയിലാണ് നടപടി. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ഹൈക്കോടതി മരവിപ്പിച്ചിരുന്നു.
ഡൽഹിയിൽ തന്നെ തുടരണമെന്നും, അതിജീവിത താമസിക്കുന്ന സ്ഥലത്തിൻ്റെ 5 കിലോമീറ്റർ ചുറ്റളവിൽ പോകരുതെന്നുമടക്കമുള്ള ഉപാധിയോടെയായിരുന്നു ഹൈക്കോടതി നടപടി. നേരത്തെ നേത്ര രോഗ ശസ്ത്രക്രിയ നടത്താൻ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കുൽദീപ് സിങ് സെൻഗാറിനെ ജാമ്യത്തിൽ വിട്ടയക്കുകയും അപ്പീൽ പരിഗണനയിലിരിക്കെ ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്‌തത് നിയമവിരുദ്ധമാണെന്ന് സിബിഐ സുപ്രിംകോടതിയിൽ ചൂണ്ടിക്കാട്ടി.
കേസിൽ ബിജെപി നേതാവ് കുൽദീപ് സെൻഗാറിനെതിരെ ബലാത്സംഗക്കുറ്റം സംശയാതീതമായി തെളിയിക്കാനായിട്ടുണ്ട്. സാങ്കേതികത്വത്തിലാണ് ഹൈക്കോടതിയുടെ നടപടിയെന്നും സിബിഐ സുപ്രിംകോടതിയെ അറിയിച്ചു. പ്രതി പൊതുസേവകൻ എന്ന ഘടകം കണക്കിലെടുക്കേണ്ടതില്ലെന്നും സിബിഐ വാദിച്ചു. ഉന്നാവ് കേസിൽ ഇരയായ പെൺകുട്ടിയുടെ പിതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ കുൽദീപ് സെൻഗാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോഴും ജയിലിൽ തുടരുകയാണെന്നും സോളിസിറ്റർ ജനറൽ സുപ്രിംകോടതിയിൽ അറിയിച്ചു.