കാസർകോട്: റാപ്പർ വേടന്റെ സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്. പരിപാടി നിർത്തിവെച്ചതിനെ തുടർന്ന് തിരികെ പോകുകയായിരുന്ന ഒരാൾ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദാണ് (19) മരിച്ചത്. ട്രെയിൻ ഇടിച്ച മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. കാസർകോട് ബേക്കൽ ബീച്ച് ഫെസ്റ്റിനിടെയാണ് സംഭവം.
തിക്കിലും തിരക്കിലും പരിക്കേറ്റ കുട്ടികൾ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
വേടന്റെ സംഗീതപരിപാടിയിൽ വലിയ ആൾക്കൂട്ടമെത്തിയതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്. നിയന്ത്രിക്കാൻ കഴിയാതായതോടെ തിക്കിലും തിരക്കിലും പെട്ട് ആളുകൾക്ക് ശ്വാസംമുട്ടുകയും ചിലർ ബോധരഹിതരാകുകയും ചെയ്തു. ഇതോടെ പരിപാടി നിർത്തിവെക്കാൻ അധികൃതർ നിർദേശിക്കുകയായിരുന്നു.
പരിപാടി നിർത്തിവെച്ചതോടെ ആളുകൾ പിരിഞ്ഞുപോയി. സമീപമുള്ള റെയിൽപാളത്തിലൂടെയാണ് പലരും നടന്നുപോയത്. ഇതിനിടെയാണ് രണ്ട് പേരെ ട്രെയിൻ ഇടിക്കുകയും ഒരാൾ മരിക്കുകയും ചെയ്തത്.