താമരശ്ശേരി :ചുരത്തിലെ ദുരിതപൂർണ്ണമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചു വയനാട്ടിലെ യുഡിഎഫ് എംഎൽഎമാരുടെ നേതൃത്വത്തിൽ ഇന്ന് രാപ്പകൽ സമരം നടക്കും. കോഴിക്കോട് സിവിൽ സ്റ്റേഷന് മുന്നിൽ ഉച്ചയ്ക്ക് 2.30 മുതലാണ് പ്രതിഷേധം ആരംഭിക്കുന്നത്. സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, കൽപ്പറ്റ എംഎൽഎ ടി. സിദ്ധിഖ് എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
ചുരത്തിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങൾ തമ്മിൽ ഏകോപനമില്ലെന്നും സർക്കാർ സംവിധാനങ്ങൾ തികഞ്ഞ നിസ്സംഗത കാട്ടുകയാണെന്നും യുഡിഎഫ് ആരോപിക്കുന്നു. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങുന്ന സാഹചര്യം നിലനിൽക്കുമ്പോഴും ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന് എംഎൽഎമാർ ചൂണ്ടിക്കാട്ടി. പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാകുന്നത് വരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം.