കാക്കൂർ: കാക്കൂരിലെ മെഡിക്കൽ ഷോപ്പിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. കണ്ണൂർ സ്വദേശി തങ്കച്ചൻ മാത്യുവാണ് പോലീസിൻ്റെ പിടിയിലായത്. രണ്ടു മാസം മുമ്പായിരുന്നു കാക്കൂർ ടൗണിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ ഷോപ്പിൽ മോഷണം നടന്നത്. മുൻഭാഗത്തെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ഷോപ്പിൽ നിന്നും അറുപത്തയ്യായിരം രൂപയാണ് ഇയാൾ കവർന്നത്. കാക്കൂർ പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം തുടരുന്നതിനിടെയാണ് പ്രതി പിടിയിലായത്.
സിസിടിവിയിൽ മോഷ്‌ടാവിൻ്റെ ദൃശ്യം പതിഞ്ഞിരുന്നെങ്കിലും മുഖം മറച്ച നിലയിലായിരുന്നു. പാലക്കാട് വെച്ച് സമാനമായ മോഷണശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കാക്കൂരിലുള്ള മോഷണം പുറത്ത് വന്നത്. ഇയാൾ കൊലപാതകം, പിടിച്ചുപറി, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.