തിരുവനന്തപുരം: കേരള എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുമ്പോൾ കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് മാർക്ക് കുറയുന്ന സമീകരണ പ്രക്രിയയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്. പ്ലസ് ടു/ തത്തുല്യ പരീക്ഷയുടെ മാർക്ക് റാങ്ക് പട്ടികക്കായി പരിഗണിക്കുമ്പോൾ മാത്സിന് ഉയർന്ന വെയ്റ്റേജും അനുവദിച്ചിട്ടുണ്ട്. ഇതിനനുസൃതമായി പ്രവേശന പരീക്ഷയുടെ പ്രൊസ്പെക്ടസിൽ ഭേദഗതി വരുത്തിയാണ് ഉത്തരവിറക്കിയത്.
കഴിഞ്ഞ തവണ ഹൈകോടതി ഇടപെടലിൽ റാങ്ക് പട്ടിക വരെ റദ്ദാക്കുന്നതിൽ കലാശിച്ച പരിഷ്ക്കരണമാണ് ഇത്തവണ നേരത്തെ തന്നെ ഉത്തരവിറക്കി നടപ്പാക്കുന്നത്. കഴിഞ്ഞ തവണ പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ച് പരീക്ഷയും പൂർത്തിയായ ശേഷം കൊണ്ടുവന്ന പരിഷ്ക്കരണത്തിനെതിരെ സി.ബി.എസ്.ഇ വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതി റാങ്ക് പട്ടിക റദ്ദാക്കിയത്.
സർക്കാർ നിയോഗിച്ച ഇന്റേണൽ സമിതിയുടെ ശിപാർശ അംഗീകരിച്ചാണ് മാറ്റം എന്ന് ഉത്തരവിൽ പറയുന്നു. വ്യത്യസ്ത ബോർഡുകൾക്ക് കീഴിൽ പ്ലസ് ടു പരീക്ഷ പാസായ വിദ്യാർഥികളുടെ മാർക്ക് പരിഗണിക്കുമ്പോഴുണ്ടാകുന്ന ഏറ്റക്കുറച്ചിൽ പരിഹരിക്കാൻ തമിഴ്നാട്ടിലേതിന് സമാനമായ സമീകരണ രീതിയാണ് പുതിയ ഉത്തരവിലും ഉൾപെടുത്തിയത്.
ഇതിന് നേരത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. 2011ൽ കൊണ്ടുവന്ന നിലവിലുള്ള സമീകരണ രീതിയിലൂടെ സംസ്ഥാന സിലബസിൽ പ്ലസ് ടു പാസായ വിദ്യാർഥിക്ക് 25 മാർക്ക് വരെ കുറഞ്ഞിരുന്നു. പുതിയ രീതിയിലൂടെ ഏതെങ്കിലും ബോർഡിൽ പഠിച്ച വിദ്യാർത്ഥിക്ക് മാർക്ക് കുറയുന്ന സാഹചര്യം പൂർണമായും ഒഴിവാകും.