നാഗ്പൂർ: മതംമാറ്റം ആരോപിച്ച് മഹാരാഷ്ട്ര അമരാവതിയിൽ അറസ്റ്റിലായ മലയാളി വൈദികനും കുടുംബത്തിനും ജാമ്യം. മഹാരാഷ്ട്രയിലെ വറൂട് കോടതിയാണ് ബുധനാഴ്ച ഉച്ചയോടെ വൈദികനും ഭാര്യയുമടക്കം എട്ടുപേർക്ക് ജാമ്യം അനുവദിച്ചത്.
സി.എസ്.ഐ നാഗ്പൂർ മിഷനിലെ ഫാ. സുധീർ, ഭാര്യ ജാസ്മിൻ, പ്രദേശവാസികളായ മറ്റുആറുപേർ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മഹാരാഷ്ട്ര നാഗ്പൂരിലെ ഷിംഗോഡിയിൽ വെച്ചായിരുന്നു തദ്ദേശീയ ഉൾപ്പെടെ വൈദികരെയും സംഘത്തെയും ബജ്റങ് ദൾ പ്രവർത്തകർ തടഞ്ഞുവെച്ച്, സംഘർഷ സാഹചര്യം സൃഷ്ടിച്ച ശേഷം പൊലീസിന് കൈമാറിയത്.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ പ്രദേശത്തെ ഒരുവീട്ടിൽ ക്രിസ്മസ് പ്രാർഥന യോഗം നടക്കുന്നതിനിടെ ബജ്റങ്ദൾ പ്രവർത്തകർ എത്തി മതപരിവർത്തനം ആരോപിച്ച് ഇവരെ തടഞ്ഞുവെ ക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം അമരവിള സ്വദേശിയാണ് ഫാ. സുധീർ.
ജാമ്യം ലഭിക്കുന്ന വകുപ്പുകളിലായിരുന്നു പൊലീസ് എഫ്.ഐ.ആർ സമർപ്പിച്ചത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയതെന്നായിരുന്നു ഫാ. സുധീറിനെയും സംഘത്തെയും അറസ്റ്റ് ചെയ്തതെന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ. അഞ്ചു വർഷമായി മലയാളി വൈദികനും ഭാര്യയും ഇവിടെ പ്രവർത്തിക്കുകയാണ്. നേരത്തെയും, ഫാ. സുധീറിനും ഭാര്യ ജാസ്മിനും സമാനമായ അനുഭവങ്ങളുണ്ടായിരുന്നു.