: താമരശ്ശേരിക്ക് സമീപം എലോക്കരയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയിലുണ്ടായ വന്‍ തീപിടിത്തം പുതുവത്സര ദിനത്തില്‍ പടക്കം പൊട്ടിച്ചുമൂലമെന്ന് സംശയം. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ ദേശീയപാതയ്ക്കരികില്‍ പ്രവര്‍ത്തിക്കുന്ന എം ആര്‍ എം എക്കോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. പ്ലാന്‍റും ഓഫീസ് ഉള്‍പ്പെടുന്ന മൂന്നുനില കെട്ടിടവും ഫാക്ടറിയിലെ പിക്കപ്പ് വാനും പൂര്‍ണമായി കത്തിനശിച്ചു.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി റോഡില്‍ നിന്നും ആരോ പൊട്ടിച്ച പടക്കം പ്ലാന്റിലേക്ക് തെറിച്ച് വീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പ്ലാന്റിനു മുന്നില്‍ വെച്ച് പടക്കം പൊട്ടിച്ചതായി സമീപത്തു താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളും പറഞ്ഞിരുന്നു. വിശദമായ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ എന്ന് അധികൃതര്‍ പറഞ്ഞു. അപകടമുണ്ടായ സമയത്ത് ഫാക്ടറിയില്‍ തൊഴിലാളികള്‍ ആരും ഉണ്ടായിരുന്നില്ല. പല സ്ഥലങ്ങളില്‍ നിന്നായി മാലിന്യങ്ങള്‍ എത്തിച്ച് സംസ്‌കരിക്കുന്ന സ്ഥാപനമാണിത്. കോഴിക്കോട്, വെള്ളിമാട്കുന്ന്, മുക്കം, നരിക്കുനി എന്നിവടങ്ങളില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് തീ പൂര്‍ണമായി അണച്ചത്.