ദില്ലി: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി എൻ വാസു സുപ്രീം കോടതിയിൽ. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി. അന്വേഷണവുമായി താൻ പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നാണ് എൻ വാസുവിന്റെ വാദം. ആ സാഹചര്യത്തിൽ തന്നെ കൂടുതൽ നാള്‍ കസ്റ്റഡിയിൽ വെയ്ക്കേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് വാസുവിന്റെ വാദം. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മറ്റൊരു പ്രതിയായ ജയശ്രീയും സുപ്രീം കോടതിയിൽ മുൻകൂര്‍ ജാമ്യാപേക്ഷയുമായി സമീപിച്ചിരുന്നു. ആരോഗ്യനിലയടക്കം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ സുപ്രീം കോടതിയിലെത്തിയത്. സുപ്രീം കോടതി ജാമ്യാപേക്ഷ അംഗീകരിക്കുകയും ചെയ്തിരുന്നു.
അതേ സമയം, ശബരിമല സ്വർണകൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും. തിങ്കളാഴ്ച സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുളള ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻെറ ഹർജി പരിഗണിക്കുമ്പോള്‍ എസ്ഐടി കോടതിയെ നിലപാട് അറിയിക്കും. ശബരിമല സ്വർണ തട്ടിപ്പിന് രാജ്യാന്തര ബന്ധമുണ്ടെന്നതിന് ഇതേവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് എസ്ഐടി അറിയിക്കും. തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവരുടെ അറസ്റ്റുകള്‍ നടന്നുവരുകയാണെന്നും അന്വേഷണം അന്തിമഘട്ടത്തിലാണെന്നുമുള്ള വിശദമായ റിപ്പോർട്ട് ഹൈക്കോടതിയിൽ എസ്ഐടി നൽകും