പാലക്കാട്: പാലക്കാട് ചാലിശ്ശേരിയിൽ പ്രവാസി വ്യവസായി മുഹമ്മദാലിയെ തോക്ക്ചൂണ്ടി തട്ടികൊണ്ടു പോയ സംഭവത്തിൽ നിർണായക ഘട്ടത്തിലെത്തി അന്വേഷണ സംഘം. കഴിഞ്ഞ മാസം ആറിന് കൃത്യം നിർവഹിച്ചത് നാല് ക്വട്ടേഷൻ ഗ്രൂപ്പുകൾ ചേർന്നാണെന്നും ഇവർക്ക് ക്വട്ടേഷൻ നൽകിയത് കാസർഗോഡ് സ്വദേശിയായ ഖത്തർ പ്രവാസി റഫീഖ് ആണെന്നും പൊലീസ് കണ്ടെത്തി.
റഫീഖിനു പിന്നിൽ വ്യവസായി മുഹമ്മദാലിയുമായി ഏറ്റവും അടുപ്പമുള്ളവരാണെന്നാണ് സൂചന. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റഫീഖ് നിലവിൽ ഖത്തറിലാണ്. അതേസമയം തട്ടികൊണ്ടുപോയതിൽ പങ്കാളികളായ 10 പേരാണ് നിലവിൽ പിടിയിലായത്. 6 പ്രധാന പ്രതികൾ ഒളിവിലാണ്. കഴിഞ്ഞ ദിവസം നടത്തിയ തിരിച്ചറിയൽ പരേഡിൽ 4 പ്രതികളെ മുഹമ്മദാലി സ്ഥിരീകരിച്ചു. ഷൊർണ്ണൂർ ഡിവൈഎസ്പി മുരളിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയി വീട്ടിൽ ബന്ധിയാക്കി മർദിച്ചെങ്കിലും സാഹസികമായി രക്ഷപ്പെട്ടതോടെയാണ് നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.