താമരശ്ശേരി: താമരശ്ശേരി കൈതപ്പൊയിൽ നോളെജ് സിറ്റിക്കടുത്തുള്ള വീട്ടിൽ നിന്നും 15 പവൻ സ്വർണവും,1.25 ലക്ഷം രൂപയും മോഷണം നടത്തിയ ആൾ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് ചാവക്കാട് റഫീക്ക് എന്ന വെന്താട്ടിൽ റഫീക്കിനെയാണ് കോഴിക്കോട് റൂറൽ എസ്പി. കെ.ഇ ബൈജുവിൻ്റെ കീഴിലുള്ള സംഘം പിടികൂടിയത്. ഇയാളിപ്പോൾ താമസിക്കുന്ന മേപ്പാടി ടൗണിലുള്ള വാടകവീട്ടിൽ നിന്നാണ് കോടഞ്ചേരി പോലീസും സ്പെഷ്യൽ സ്ക്വാഡും ചേർന്നു പിടികൂടിയത്.
താമരശ്ശേരി ഡിവൈഎസ്പി പി.അലവിയുടെ നേതൃത്വത്തിൽ കേരളത്തിലെ സമാന രീതിയിലുള്ള മോഷ്ടാക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. മോഷണം നടത്തിയ പത്തു പവൻ ആഭരണങ്ങളും പണവും വീട്ടിൽ ഒളിപ്പിച്ച നിലയിൽ പോലീസ് കണ്ടെടുത്തു. മേപ്പാടിയിലെ ജ്വല്ലറിയിൽ വിൽപ്പന നടത്തിയ 34 ഗ്രാം സ്വർണവും കണ്ടെടുത്തു.
കഴിഞ്ഞ സിസംബർ 28ന് പുലർച്ചെയാണ് ഗൾഫിലും കോഴിക്കോട്, താമരശ്ശേരി എന്നിവിടങ്ങളിലും ട്രാവൽ ഏജൻസി നടത്തുന്ന വേഞ്ചേരി അരിയാർ കുന്നത്ത് ഷൈജലിൻ്റെ വീട്ടിൽ മോഷണം നടന്നത്. വീട് പൂട്ടി ഊട്ടിയിൽ പോയ സമയത്താണ് മോഷണം നടന്നത്. പുലർച്ചെ മൂന്നു മണിക്ക് വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മുൻവാതിൽ പൊളിച്ച നിലയിൽ കണ്ടത്. റൂമിൻ്റെ ഡോറും തകർത്ത് അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് കവർന്നത്.
കവർച്ചയ്ക്ക് ശേഷം പ്രതി സിസിടിവിയുടെ ഹാർഡ് ഡിസ്ക് ഊരിയെടുത്ത് അടുത്ത് നിർമ്മാണം നടക്കുന്ന വീട്ടിലെ ഡ്രമ്മിലെ വെള്ളത്തിൽ ഇട്ടിരുന്നു. പ്രതി ബൈക്കിൽ വൈകുന്നേരം അടിവാരം പുതുപ്പാടി ഭാഗങ്ങളിൽ കറങ്ങിയാണ് ആളില്ലാത്ത വീട് കണ്ടെത്തിയത്. 2017-ൽ മലപ്പുറം, തൃശൂർ, ജില്ലകളിൽ നിരവധി വീടുകളും വാഹനങ്ങളും കവർച്ച നടത്തിയതിന് പിടിക്കപ്പെട്ടു ജയിലിൽ കിടന്നതാണ്.