തെഹ്റാൻ: കടുത്ത സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി ഇറാനിൽ പടരുന്ന പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. പ്രക്ഷോഭം അടിച്ചമർത്തിയാൽ ഇടപെടുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് താക്കീത് നൽകി. ഇടപെട്ടാൽ മാരകമായി തിരിച്ചടിക്കുമെന്ന് ഇറാൻ പ്രതികരിച്ചു.
ഒരാഴ്ച പിന്നിട്ട ഇറാൻ പ്രക്ഷോഭം ഭരണകൂടത്തിന് കൂടുതൽ തലവേദനയായി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഒരു വിഭാഗം ജനങ്ങൾ ഭരണകൂടത്തിനെതിരെ രംഗത്തുവന്നത്.പ്രക്ഷോഭകരും സുരക്ഷാ വിഭാഗവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മരണം എട്ടായി. രാജ്യത്തെ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിലായതിനെ തുടർന്ന് പണപ്പെരുപ്പവും വിലക്കയറ്റം രൂക്ഷമാണ്. ഇതാണ് തെരുവിലിറങ്ങാൻ തങ്ങളെപ്രേരിപ്പിച്ചതെന്നാണ് പ്രഷോഭകാരികൾ പറയുന്നത്. തെഹ്റാന് 300 കി.മീ. തെക്കുപടിഞ്ഞാറുള്ള ലോറിസ്താൻ പ്രവിശ്യയിലെ അസ്ന മേഖലയിലാണ് പ്രക്ഷോഭം രൂക്ഷമായത്.
പ്രക്ഷോഭം പടരുന്നതിനിടെ ഇറാൻ ഭരണകൂടവും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ കൊമ്പുകോർത്തു. പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിച്ചാൽ യുഎസ് ഇടപെടുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെ ഭീഷണി മുഴക്കി. 'ഞങ്ങൾ ആക്രമണത്തിന് റെഡിയാണ്' എന്നും ട്രംപ് കുറിച്ചു. ഇതിന് കടുത്ത ഭാഷയിൽ ഇറാൻ മറുപടിയും നൽകി. 'ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ യുഎസ് ഇടപെട്ടാൽ പ്രദേശത്താകെ സ്ഥിതി വഷളാവുകയും യുഎസിന്റെ താൽപര്യങ്ങൾ തകർക്കപ്പെടുകയും ചെയ്യമെന്ന് ഇറാൻ സുപ്രിം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി എക്സിൽ കുറിച്ചു. യുഎസും ഇസ്രായേലുമാണ് ഇറാനിലെ പ്രതിഷേധങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. അമ്പതോളം പ്രക്ഷോഭകാരികൾ അറസ്റ്റിലായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം പ്രക്ഷോഭകരെ അനുനയിക്കാനുള്ള നീക്കവും ശക്തമാണ്