കോഴിക്കോട്:കൈതപ്പൊയിലില്‍ തൂങ്ങി മരിച്ച ഹസ്‌നയുടെ ശബ്ദസന്ദേശം പുറത്ത്. സന്ദേശത്തില്‍ കൊടി സുനിയുടെ പേരും പരാമര്‍ശിക്കുന്നുണ്ട്. രണ്ടുമാസം മുമ്പ് ആദിലിന് അയച്ച ശബ്ദസന്ദേശമാണ് പുറത്തായത്. ലഹരിയുടെ ഇടപാടിനെ കുറിച്ചും സന്ദേശത്തില്‍ പറയുന്നുണ്ട്. ആദില്‍ ഫോണ്‍ എടുക്കാതെ വന്നപ്പോള്‍ വാട്‌സാപ്പില്‍ അയച്ച മെസേജാണ് പുറത്തുവന്നത്. ഫോണ്‍ എടുത്തില്ലെങ്കില്‍ കൊടി സുനി മുതല്‍ എല്ലാവരുടെയും പേര് താന്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തും എന്ന് സന്ദേശത്തില്‍ പറയുന്നു. പോലിസിന്റെ തുടര്‍ പരിശോധനയില്‍ ഇതെല്ലാം ഉള്‍പ്പെടുത്തുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ജൂണിലാണ് ഹസ്‌ന ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യുവാവിനൊപ്പം പോയത്. ഇളയ കുഞ്ഞുമായി പോയ ഹസ്‌നയെ അടിവാരം ഭാഗത്തുനിന്നു കണ്ടെത്തി പൊലിസ് ബന്ധുക്കളെ വിവരം അറിയിച്ചു. പിതാവും ബന്ധുക്കളും സ്റ്റേഷനിലെത്തി ഹസ്‌നയെ വീട്ടിലേക്കു കൊണ്ടുവന്നെങ്കിലും കുഞ്ഞിനെ എടുക്കാതെ രണ്ടാം ദിവസം ഹസ്‌ന വീടു വിട്ടിറങ്ങി.
പിന്നീടാണ് ഒരു യുവാവിനൊപ്പം(ആദില്‍) കഴിയുന്ന വിവരം അറിയുന്നത്. അതോടെ മാനസികമായി തകര്‍ന്ന കുടുംബാംഗങ്ങള്‍ പിന്നീട് ഹസ്‌നയുടെ കാര്യത്തില്‍ ഇടപെട്ടില്ല. എങ്കിലും ഹസ്‌ന വീട്ടിലേക്കു വിളിക്കുകയും മാതാവുമായി സംസാരിക്കുകയും ചെയ്തിരുന്നു. മൂത്ത മകനെയും വിളിക്കാറുണ്ടായിരുന്നു.
ഭര്‍തൃവീട്ടില്‍ ആയിരുന്നപ്പോള്‍ ഹസ്‌ന ഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ പോകാറുണ്ടായിരുന്നു. അങ്ങനെയാണ് ആദിലുമായി പരിചയപ്പെട്ടതെന്നാണു വിവരം. വീട്ടില്‍ വിളിച്ച് എല്ലാം പരിഹരിച്ചു തിരിച്ചുവരുമെന്ന് പറഞ്ഞതിന്റെ രണ്ടാം ദിവസം ഹസ്‌നയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.