കൽപ്പറ്റ: വയനാട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് ചന്ദന മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനിയും പിടികിട്ടാപ്പുള്ളിയുമായ അലവിക്കുട്ടിയെ വനംവകുപ്പ് അതിസാഹസികമായി പിടികൂടി. അതിമണ്ണിൽ മറുകര സ്വദേശിയാണ് പിടിയിലായ അലവിക്കുട്ടി. വേഷം മാറി എത്തിയ ഉദ്യോഗസ്ഥരെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മഞ്ചേരിയിൽ വെച്ചാണ് ഇയാളെ കീഴ്പ്പെടുത്തിയത്. മലപ്പുറം ജില്ലയിൽ നിരവധി ചന്ദന കേസുകളിലെ പ്രതിയാണ് ഇയാൾ. കൽപ്പറ്റ റേഞ്ച് പരിധിയിൽ നടന്ന ചന്ദന മോഷണക്കേസിലെ അഞ്ചാം പ്രതിയായ കൊടിയത്തൂർ സ്വദേശി അബ്ദുനാസറിനെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് അലവിക്കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചത്. ചന്ദനം കടത്താൻ ഉപയോഗിച്ച കെ.എൽ 12 ജി 6061 നമ്പറിലുള്ള ഓട്ടോറിക്ഷയും കൊടിയത്തൂരിൽ വെച്ച് കണ്ടെടുത്തു. പ്രതികൾക്ക് അന്തർസംസ്ഥാന ബന്ധമുള്ളതിനാൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.