കാരക്കാസ്: വെനസ്വേലയിൽ അമേരിക്കയുടെ വ്യോമാക്രമണം. ബോംബാക്രമണത്തിന് പിന്നാലെ പ്രസിഡന്റ് നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ കസ്റ്റഡിയിലായതായി റിപ്പോർട്ട്. വെനസ്വേലയുടെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇന്ന് പുലർച്ചയോടെയാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. നിരവധി ഉഗ്രസ്ഫോടനങ്ങളാണ് കാരക്കാസിൽ അടക്കം ഉണ്ടായതെന്നാണ് റിപ്പോർട്ട്.
നിക്കോളാസ് മദൂറോയെ വീഴ്ത്താൻ ഏതറ്റം വരെയും പോകുമെന്ന നിലപാടിലായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ തങ്ങളുടെ എണ്ണ നിക്ഷേപം ലക്ഷ്യമിട്ടുള്ള യുഎസ് ആക്രമണം ഒറ്റക്കെട്ടായി ചെറുക്കുമെന്നായിരുന്നു നിക്കോളാസ് മദൂറോ പ്രതികരിച്ചത്. കാരക്കാസിലെ വിവിധ ഇടങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്.
ഇന്ന് പുലർച്ചെ പ്രാദേശിക സമയം 1.50 ഓടെയാണ് പൊട്ടിത്തെറി ശബ്ദം കേട്ട് തുടങ്ങിയത്. കാരക്കാസിലും മിറാൻഡയിലും ആരഗുവയിലും ലി ഗുയ്രയിലും അമേരിക്കൻ ആക്രമണം നടന്നതായാണ് വെനസ്വേലയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നിക്കോളാസ് മദൂറോയെയും ഭാര്യയെയും തടവിലാക്കി രാജ്യത്തിന് പുറത്ത് എത്തിച്ചെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്‌ളോറസും എവിടെയാണെന്നത് അറിയില്ലെന്ന് വെനസ്വേല വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ്. പ്രസിഡന്റ് ജീവനയോടെയിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ രേഖകള്‍ കൈമാറണമെന്നും ഡെല്‍സി ആവശ്യപ്പെട്ടു. അമേരിക്കയ്ക്ക് വെനസ്വേല കീഴടങ്ങില്ലെന്നും അവർ പ്രഖ്യാപിച്ചു.