തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും സര്‍ക്കാര്‍ ഇതിനെതിരെ റിവ്യൂ ഹര്‍ജി നൽകുമെന്നും മന്ത്രി പറഞ്ഞു
ഫെബ്രുവരിയിൽ നടക്കുന്ന പ്രത്യേക കെടെറ്റ് പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു. ചില സംഘടനകൾ കാര്യം എന്തെന്ന് മനസ്സിലാക്കും മുൻപ് എതിർപ്പ് ഉന്നയിച്ചു. സർക്കാർ അധ്യാപകർക്കൊപ്പമാണ്. സ്ഥാനക്കയറ്റത്തിൽ വ്യക്തത വരുമെന്നും വി ശിവൻകുട്ടി പറഞ്ഞു. കുറേപേർ രക്ഷപ്പെടുമെങ്കിൽ രക്ഷപെടട്ടെയെന്ന് അഭിപ്രായപ്പെട്ട മന്ത്രി നാൽപതിനായിരത്തോളം അധ്യാപകരെ ബാധിക്കുന്ന വിഷയമാണെന്നും കൂട്ടിച്ചേര്‍ത്തു.
ഗുണനിലവാരം ഉറപ്പാക്കുന്നത് അനുഭവ സമ്പത്ത് കൂടിയാണ്. അനുഭവ സമ്പത്ത് ഉള്ളവരെ പിരിച്ചുവിടുന്നത് ഗുണനിലവാരം തകർക്കും. 2012 ന് ശേഷമാണ് കെ – ടെറ്റ് നടപ്പാക്കി തുടങ്ങിയത്. 2012 ന് മുൻപ് സർവ്വീസിൽ കയറിയവർക്കും ഇത് ബാധകമാക്കുന്നത് ശരിയല്ല. അത് സുപ്രീംകോടതിയെ അറിയിക്കും.
സുപ്രീംകോടതി വിധി വന്ന സാഹചര്യത്തിലാണ് ഉത്തരവ് ഇറക്കിയത്. അത് നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കും. അധ്യാപകരുടെ K- ടെറ്റ് പരീക്ഷയ്ക്ക് ശേഷം വീണ്ടും ഉത്തരവ് ഇറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.