ജിദ്ദ: സൗദിയുടെ വടക്കുകിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ തണുപ്പ് ശക്തമായി. ജോർദനും ഇറാഖും അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ പ്രദേശങ്ങളാണ് കടുത്ത തണുപ്പിലേക്ക് മാറിയത്. ത്വുറൈഫ്, റഫ്ഹ, അറാർ എന്നിവിടങ്ങളിൽ ഒരു ഡിഗ്രിയും ഹഫർ അൽ ബാത്തിൻ, ഖുറയാത്ത് എന്നിവിടങ്ങളിൽ രണ്ടും മൂന്നുമാണ് ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില. അൽ ജൗഫ്, ഹാഇൽ, ഖമീസ് മുശൈത്ത്, അബഹ എന്നിവിടങ്ങളിലും തണുപ്പ് ശക്തമാകുന്നുണ്ട്. പലയിടങ്ങളിലും താപനില പൂജ്യത്തിലേക്ക് താഴുകയാണ്.
അതേസമയം, സൗദിയുടെ വിവിധയിടങ്ങളിൽ പൊടിക്കാറ്റും മഴയും തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മക്കയുടെ ഹൈറേഞ്ച് മേഖലകളിലും അൽ ബാഹയുടെ വിവിധ പ്രദേശങ്ങളിലുമാണ് നേരിയതും മിതമായതുമായ മഴയെത്തുക. ജീസാൻ, ഹാഇൽ, തബൂക്, റിയാദ്, മദിന തുടങ്ങിയ പ്രദേശങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥ മോശമാകുന്ന സാഹചര്യത്തിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണമെന്നും സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി